26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഇന്നു ദേശീയ മാമ്പഴ ദിനം: മധുരമൂറും മാമ്പഴക്കഥകളുറങ്ങും കുറ്റ്യാട്ടൂർ ഗ്രാമം.
kannur

ഇന്നു ദേശീയ മാമ്പഴ ദിനം: മധുരമൂറും മാമ്പഴക്കഥകളുറങ്ങും കുറ്റ്യാട്ടൂർ ഗ്രാമം.

മാമ്പഴം പോലെ മധുരമേറിയതാണു കുറ്റ്യാട്ടൂരിന്റെ മാമ്പഴക്കഥയും. മൂവായിരത്തിലേറെ മാമ്പഴ കർഷകരുണ്ടിവിടെ. നിറയെ മാങ്ങകളുമായി തലകുനിച്ചു നിൽക്കുന്ന മാവുകളും റോഡ് നീളെ മാങ്ങ വിൽക്കുന്ന സ്ത്രീകളും കുട്ടികളുമായിരുന്നു കുറ്റ്യാട്ടൂരിന്റെ ഗ്രാമക്കാഴ്ചകൾ. ഭൗമസൂചികാ പദവിക്കരികിലാണു നമ്പ്യാർ മാങ്ങ എന്ന് അറിയപ്പെടുന്ന കുറ്റ്യാട്ടൂർ മാങ്ങ. നാരുകൾ കൂടുതലാണെന്നതും മാംസളമാണെന്നതും കുറ്റ്യാട്ടൂർ മാങ്ങയെ ആകർഷകമാക്കുന്നു.

നൂറ്റാണ്ടുകൾക്കു മുൻപു നീലേശ്വരം രാജകുടുംബത്തിൽ നിന്നു വേശാലയിലെ കാവില്ലത്തും കുറ്റ്യാട്ടൂർ ചാത്തോത്ത് തറവാട്ടിലും എത്തിയതാണു കുറ്റ്യാട്ടൂർ മാവിൻ തൈകൾ എന്നാണ് ഐതിഹ്യം. മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകൾ വളർന്നു പന്തലിച്ചു. കുറ്റ്യാട്ടൂർ മാങ്ങ ഇപ്പോൾ കുറ്റ്യാട്ടൂരിൽ മാത്രമല്ല, പലഭാഗത്തും ലഭ്യമാണ്. പക്ഷേ, തനിമയും ഗുണനിലവാരവും കുറ്റ്യാട്ടൂരിൽ തന്നെയാണെന്നു കർഷകർ പറയുന്നു.

കുറ്റ്യാട്ടൂർ പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഭൗമസൂചിക പദവിക്കുള്ള ശ്രമങ്ങളെല്ലാം പൂർത്തിയാക്കി. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസേഴ്സ് കമ്പനികർഷകരിൽ നിന്നു നേരിട്ട് മാങ്ങ സംഭരിക്കുകയാണ്. മാമ്പഴത്തിനു പുറമേ, ഗ്രീൻ മാംഗോ സ്ക്വാഷ്, ഗ്രീൻ മാംഗോ പൗഡർ, അച്ചാർ എന്നിവയും വിപണിയിലെത്തിക്കുന്നു. വൈക്കോലിലും കാഞ്ഞിര ഇലയിലും പൊതിഞ്ഞാണു മാങ്ങ പഴുപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ, ഉൽപാദനം നാലിലൊന്നായി കുറഞ്ഞതു കർഷകനു തിരിച്ചടിയായി.

കാലാവസ്ഥാ വ്യതിയാനമാണ് ഉൽപാദനം കുറയാൻ പ്രധാന കാരണം. കീടബാധയും ഉൽപാദനത്തെ ബാധിച്ചു. വളർന്ന് ഏറെ പന്തലിക്കുന്നതിനാൽ പുതിയ തൈകൾ നട്ടുപിടിപ്പിക്കാൻ ആളുകൾക്കു വിമുഖതയുണ്ട്. നൂറു വർഷത്തിലേറെ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂരിലുണ്ട്. 2 വർഷം മുൻപു 300 കിലോഗ്രാം വരെ മാങ്ങ നൽകിയ മാവുകളിൽ നിന്ന് ഈ സീസണിൽ ലഭിച്ചത് 50 കിലോഗ്രാമിൽ താഴെ മാത്രം. 50,000 രൂപ വരെ നഷ്ടം സംഭവിച്ചവരുണ്ട്. കുറ്റ്യാട്ടൂർ പഞ്ചായത്തിലാകെ നഷ്ടം 50 ലക്ഷം രൂപ വരുമെന്നാണു കണക്ക്.

നാടൻ മാവുകൾക്കായൊരു കൂട്ടായ്മ
ചുണ്ട എന്ന ഗ്രാമത്തിൽ നിന്നു നാടൻ മാവുകളുടെ ഗവേഷണത്തിനും വീണ്ടെടുപ്പിനുമായി പടർന്നു പന്തലിക്കുകയാണു നാട്ടുമാഞ്ചോട്ടിൽ എന്ന കൂട്ടായ്മ. നാട്ടുമാവിനങ്ങളെ കണ്ടെത്തൽ, സംരക്ഷണം, വ്യാപനം, ഗുണങ്ങളുടെ ശാസ്ത്രീയ പഠനം എന്നിവ ലക്ഷ്യമിട്ടു ചുണ്ടയിൽ 2017ൽ രൂപീകരിച്ചതാണു കൂട്ടായ്മ. 280ൽ പരം നാടൻ മാവിനങ്ങളെ ഇതിനകം കൂട്ടായ്മ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവയിൽ പലതിനും പേരിട്ടതായി കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന ഷൈജു മാച്ചാത്തി പറഞ്ഞു. പടന്നക്കാട് കൃഷി ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു പഠനങ്ങൾ നടത്തുന്നുണ്ട്. കൂട്ടായ്മയുടെ സഹകരണത്തോടെ, കണ്ണൂർ സർ‍വകലാശാലയിലെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് ഇന്നു തുടക്കമാകും. 100 നാട്ടുമാവിനങ്ങളുടെ 100 മാന്തോപ്പുകളെന്ന പദ്ധതിയുടെ ഭാഗമായാണിത്.

Related posts

നിയമസഭ തെരഞ്ഞെടുപ്പ് :ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

ഫാഷൻ ഷോയിൽ കളറായി കൈത്തറി

Aswathi Kottiyoor
WordPress Image Lightbox