വഴിയോരക്കാഴ്ചകള്‍ കാണാനാവാതെ അടച്ചുപൂട്ടിയ ട്രെയിന്‍ യാത്രകളുടെ കാലം കഴിയുന്നു. ഇനി ചില്ലുകൊട്ടാരം പോലൊരു റെയില്‍വേ കോച്ചില്‍ കറങ്ങുന്ന കസേരയിലിരുന്ന് ഇരുവശങ്ങളിലെയും ആകാശത്തെയും കാഴ്ചകള്‍ കണ്ട് യാത്രചെയ്യാം. വിനോദസഞ്ചാര സാധ്യതകള്‍ കൂടി ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരത്തേ അവതരിപ്പിച്ച വിസ്റ്റാഡോം എന്നു പേരിട്ട റെയില്‍വേ കോച്ചുകള്‍ ഉപയോഗിച്ചുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സര്‍വീസിന് മംഗളൂരു-ബാംഗ്ലൂര്‍ റൂട്ടില്‍ തുടക്കമായി.
സുബ്രഹ്മണ്യ മുതല്‍ സകലേശ്പുര വരെയുള്ള 55 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് മംഗളൂരു-ബാംഗ്ലൂര്‍ റെയില്‍പാത കടന്നുപോകുന്നത്. നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ പാലങ്ങളും തുരങ്കങ്ങളും പാതയിലുണ്ട്. ഈ കാഴ്ചകളെല്ലാം യാത്രക്കാര്‍ക്ക് അനുഭവവേദ്യമാക്കിത്തീര്ക്കാനാണ് വിസ്റ്റാഡോം കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നത്. പകല്യാത്രകള്ക്കു മാത്രമായിരിക്കും ഈ കോച്ചുകള്‍ ഉപയോഗിക്കുക.
ആന്റി ഗ്ലെയര്‍ സ്ക്രീനുകളോടുകൂടിയ സുതാര്യമായ ചില്ലുകളാണ് കോച്ചുകളുടെ മേല്‍ക്കൂരയിലും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. 180 ഡിഗ്രി വരെ കറങ്ങുന്ന കസേരകളും എല്‍ഇഡി ഡിസ്പ്ലേകള്‍, ഓവന്, ഫ്രിഡ്ജ്, മിനി പാന്‍ട്രി, ലഗേജ് ഷെല്‍ഫുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വിമാനങ്ങളിലേതുപോലെ മടക്കിവയ്ക്കാവുന്ന ലഘുഭക്ഷണ ട്രേ തുടങ്ങിയ സംവിധാനങ്ങളും ഈ കോച്ചുകളെ വേറിട്ടതാക്കുന്നു.
മംഗളൂരു-യശ്വന്ത്പുര റൂട്ടിലോടുന്ന പകല്‍ വണ്ടിയില്‍ എക്സിക്യൂട്ടീവ് ചെയര്‍കാര്‍ കോച്ചുകളായി 44 വീതം സീറ്റുകളുള്ള രണ്ട് വിസ്റ്റാഡോം കോച്ചുകളാണ് നിലവില്‍ ഘടിപ്പിച്ചിരിക്കുന്നത്.
മംഗളൂരു ജംഗ്ഷനില്‍ നിന്നും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 11.30 ന് പുറപ്പെട്ട് രാത്രി 8.20 ന് യശ്വന്ത്പുരയില്‍ എത്തും. ഞായറാഴ്ചകളില്‍ രാവിലെ 9.15 നാണ് സര്‍വീസ് തുടങ്ങുക.
യശ്വന്ത്പുരയില്‍ നിന്നും എല്ലാദിവസവും രാവിലെ ഏഴിന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം അഞ്ചോടെ മംഗളൂരുവിലെത്തും. മംഗളൂരുവില്‍ നിന്നും യശ്വന്ത്പുരയിലേക്ക് ഒരാള്‍ക്ക് 1500 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സകലേശ്പുര വരെയാണെങ്കില്‍ 950 രൂപയും.
മംഗളൂരു ജംഗ്ഷനില്‍ നളിന്‍കുമാര്‍ കടീല്‍ എംപി ട്രെയിനിന്റെ ആദ്യയാത്രയ്ക്ക് പച്ചക്കൊടി കാട്ടി. പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കേരളത്തില്‍ കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്റ്റാഡോം കോച്ചുകള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്.