23.2 C
Iritty, IN
December 9, 2023
  • Home
  • Kerala
  • ഫെബ്രുവരി 4 കാൻസർ ദിനം: പ്രതിവർഷം 60,000ത്തോളം പുതിയ രോഗികൾ
Kerala

ഫെബ്രുവരി 4 കാൻസർ ദിനം: പ്രതിവർഷം 60,000ത്തോളം പുതിയ രോഗികൾ

ആഗോളതലത്തിൽ ഫെബ്രുവരി നാലിന് ലോക കാൻസർ ദിനം ആചരിക്കുമ്പോൾ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാൻസർ രോഗ ചികിത്സയ്ക്ക് തുണയായി കാൻസർ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്’-‘കൂടെ പ്രവർത്തിക്കും’  (I am and I will) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയെക്കാളും ഉയർന്ന നിലയിലാണ് കാണുന്നത്. പ്രതിവർഷം 60,000 ത്തോളം രോഗികൾ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നുമാണ് ഇത് സംബന്ധമായ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വർദ്ധിച്ചു വരുന്ന കാൻസർ രോഗബാഹുല്യത്തെ തടയാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോർഡ് രൂപീകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച കാൻസർ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നൽകുന്നുണ്ട്. എല്ലാ ജില്ലകളിലും കാൻസർ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളിൽ കാൻസർ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാൻസർ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കോവിഡ് കാലത്തും കാൻസർ രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് കാൻസർ പോലെയുള്ള ദീർഘസ്ഥായി രോഗങ്ങൾ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഈ കൂട്ടരിൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതിനാലും രോഗം ബാധിച്ച് കഴിഞ്ഞാൽ അത് മൂർച്ഛിക്കുന്നതിന് സാധ്യതയുള്ളതിനാലും യാത്ര ചെയ്യുന്നതിനോ കൃത്യമായി ചികിത്സ കേന്ദ്രങ്ങളിൽ എത്തുന്നതിനോ സാങ്കേതികമായി ഇവർക്ക് സാധിച്ചിരുന്നില്ല. കൂടാതെ ലോക്ക് ഡൗൺ, റിവേഴ്‌സ് ക്വാറൈന്റീൻ കാരണം ചികിത്സ കേന്ദ്രത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുകയും ചികിത്സ മുടങ്ങാനുള്ള സാധ്യതയുണ്ടാവുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാൻ ആർ.സി.സി.യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലുള്ള ജില്ലാ കാൻസർ കെയർസെന്ററുകളുടെ സഹകരണത്തോടെ ആർസിസിയിൽ ലഭിക്കേണ്ട ചികിത്സ രോഗികൾക്ക് അവരുടെ ജില്ലകളിൽ ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്തു. ഇതിനായി ആർ.സി.സിയുടെയും ജില്ലാ കാൻസർ കേന്ദ്രങ്ങളുടെയും ഡോക്ടർമാരുടെയും കൂട്ടായ്മ ഉണ്ടാക്കുകയും ഓരോ രോഗിയുടെയും ചികിത്സാ വിവരങ്ങൾ ജില്ലാ കാൻസർ കെയർ സെന്ററുകളിലുള്ള ഡോക്ടർമാർക്ക് കൈമാറുകയും ചെയ്തു.
ചികിത്സ ലഭിക്കേണ്ട ദിവസങ്ങളിൽ രോഗികളെ വിവരം നേരിട്ട് അറിയിക്കുകയും ആർ.സി.സി.യിൽ എത്തുന്നതിനു പകരം ആർ.സി.സി.യിൽ ലഭിക്കുന്ന അതേ ചികിത്സ ഏറ്റവും അടുത്തുള്ള ജില്ല കേന്ദ്രങ്ങളിൽ നൽകുന്നതിനും സംവിധാനം ഒരുക്കി. ഇതിലൂടെ ആയിരകണക്കിന് രോഗികൾക്ക് കോവിഡ് കാലത്ത് സ്വന്തം ജില്ലയിൽ ചികിത്സ തുടരുന്നതിനും രോഗം മൂർച്ഛിക്കാതെ സൂക്ഷിക്കാനുമായി. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള 24 സ്ഥാപനങ്ങളിലാണ് ഈ സേവനം ഉറപ്പാക്കിയിട്ടുള്ളത്. കീമോതെറാപ്പിക്ക് ആവശ്യമായ മരുന്നുകൾ ഫയർ ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചും കാരുണ്യ മെഡിക്കൽ സ്റ്റോറുകൾ വഴിയും കൃത്യമായി എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഏകദേശം 25,000 പേർക്ക് ഈ കാലഘട്ടത്തിൽ ചികിത്സ നൽകാൻ സാധിച്ചുവെന്നത് ഈ സംരഭത്തിന്റെ ഒരു വിജയമായി കണക്കാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂൾ, ത്രേസ്യാമ്മയുടെചികിത്സാ സഹായ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി.

Aswathi Kottiyoor

പന്നിപ്പനി; കർണാടകയിലും ദൗത്യം പൂർത്തിയാക്കി കണ്ണൂരിലെ സംഘം

Aswathi Kottiyoor

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox