ആറളം, കേളകം പഞ്ചായത്തുകളിലെ ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്നു പറഞ്ഞ് ബഫർസോൺ പ്രശ്നത്തെ നിസാരമായി കാണുന്നവർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽപ്പെട്ട ഗൂഡല്ലൂരിലേക്കു പോയാൽ പ്രശ്നത്തിന്റെ ഗൗരവും മനസിലാകും. ഏതാണ്ട് പത്തു വർഷമായി ഗൂഡല്ലൂർ ബഫർ സോണായിട്ട്. സോൺ പ്രാബല്യത്തിൽ വന്നപ്പോൾ തുടക്കത്തിൽ വനത്തോടു ചേർന്ന് ഒന്നുമുതൽ രണ്ടു കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ, ഇപ്പോഴാകട്ടെ ഗൂഡല്ലൂർ, പന്തല്ലൂർ, മസിനഗുഡി തുടങ്ങിയ ജില്ലയിലെ പ്രധാനപ്പെട്ട താലൂക്കുകളെല്ലാം ഈ ബഫർസോണിന്റെ കീഴിലായിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ ബഫർ സോൺ എന്നത് കേരളത്തിലെ മലയോര കർഷകന്റെ കഴുത്തിലെ കുരുക്കാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാൽ ജാഗ്രതയും കരുതലും വേണം. സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടാകണം. ജനസാന്ദ്രതയേറിയതും നിലവിൽ രാജ്യത്ത് വനവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്നതുമായ കൊച്ചുകേരളത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തെ ചെറുക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും പാർലമെന്റംഗങ്ങളുടെയും സഹായവും പിന്തുണയും തേടണം. ഇതിന് മുൻകൈയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.