കണ്ണൂര്‍: അഞ്ചു വയസിന് താഴേയും 65 വയസിനു മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് ഇടപഴകുമ്പോള്‍ കൂടുതൽ ശ്രദ്ധ പുലര്‍ത്തണമെന്ന് വെബിനാർ. ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ച് കണ്ണൂരിൽ നടത്തിയ വെബിനാറിലാണ് ഈ നിർദ്ദേശം ഉയർന്നത്.
മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുതെന്നും വെബിനാർ ചൂണ്ടിക്കാട്ടി. വെബിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു.പകര്‍ച്ച വ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്ന് ഡിഎംഒ പറഞ്ഞു.മാങ്ങാട്ടുപറമ്പ് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ബിനോ ജോസ്, കണ്ണൂരിലെ വെറ്ററിനറി സര്ജന് ഡോ. എ.ആർ. രഞ്ജിനി എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷാജ്, ഡോ. ദീപക് രാജന്, ഹംസ ഇസ്മാലി, പ്രകാശ് കുമാര്‍ കെ, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.