ഇരിട്ടി: ഇരുപതാണ്ടു മുൻപ് വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നിർമ്മിക്കുകയും സംരക്ഷിക്കാൻ ആളില്ലാതെ സാമൂഹ്യദ്രോഹികൾ കടന്നുകയറി പാടേ നശിപ്പിക്കുകയും ചെയ്ത പായം പഞ്ചായത്തിലെ പെരുമ്പറമ്പ് മഹാത്മാ ഗാന്ധി പാർക്ക് പുനർ നിർമ്മാണത്തിനൊരുങ്ങുന്നു. ഇപ്പോൾ വനം വകുപ്പിൻ്റെ അധീനതയിലുള്ള ഈ സ്ഥലത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സി സി എഫ് ഉൾപ്പെടെയുള്ള ഉന്നത സംഘം സ്ഥലം സന്ദർശിച്ചു.
ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് 1990 ൽ അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന പ്രൊ. എൻ.എം. ജോസഫാണ് പഴശ്ശി പദ്ധതിക്കായി ജലസേചന വകുപ്പ് അക്വയർ ചെയ്ത നാലേക്കറോളം വരുന്ന ഭൂമിയിൽ സോഷ്യൽ ഫോറസ്ട്രിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച പാർക്ക് ഉദ്‌ഘാടനം ചെയ്തത്. മനോഹരങ്ങളായ ശില്പങ്ങളും , പൂച്ചെടികളും മരങ്ങളും മറ്റും കൊണ്ട് അക്കാലത്ത് ഇരിട്ടി മേഖലയിലെ ജനങ്ങളുടെ വിനോദ കേന്ദ്രമായി ഈ പാർക്ക് മാറിയിരുന്നു. എന്നാൽ കാത്തു സൂക്ഷിക്കാനോ പരിപാലിക്കാനോ ആളില്ലാതെ ഇത് നാശോന്മുഖമാകുകയായിരുന്നു. കാടുകയറി നശിക്കാൻ തുടങ്ങിയ പാർക്കിലേക്ക് കടന്നു കയറിയ സാമൂഹ്യദ്രോഹികൾ പിന്നീട് പാർക്കിനെ പൂർണ്ണമായും തകർത്തു.
ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഒരു മാസത്തിനുള്ളിൽ പ്രൊജക്ട് തയ്യാറാകാനാണ് തീരുമാനം. മലകൾ ഉൾപ്പെടെയുള്ള മരങ്ങൽ വെച്ച് പിടിപ്പിക്കുന്നതിനൊപ്പം ഏറുമാടങ്ങളും , മറ്റ് വിശ്രമ കേന്ദ്രങ്ങളും ഒരുക്കും . പഴശ്ശി പദ്ധതിയുടെ തടാക സമാനമായ ജലാശയം അതിരിടുന്ന മനോഹരമായ പ്രദേശം എന്ന നിലയിൽ ഇതിന്റെ സാദ്ധ്യതകൾ കൂടി ഉൾപ്പെടുത്തി ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യതകളും ഉൾപ്പെടുത്തും. ഇരിട്ടി നഗരസഭയിലെ വള്ള്യാട് സോഷ്യൽ ഫോറസ്ട്രിയുടെ തന്നെ ഉടമസ്ഥതയിലുള്ള സഞ്ജീവനി പാർക്ക് ഇതിന്റെ മറുകരയിലാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിക്കുവേണ്ടി അക്വയർ ചെയ്ത പദ്ധതിയിൽ ഫുൾ ലെവലിൽ വെള്ളം നിർത്തിയാലും വെള്ളം കയറാത്ത പതിനഞ്ചേക്കറോളം ഭൂമി ഇവിടെയും ഉണ്ട് . പഴശ്ശിയിൽ ജലമുയർത്തിയാൽ മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെടുന്ന പച്ചത്തുരുത്താണ് ഇത് . കൂടാതെ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പഴശ്ശിയുടെ തന്നെ അധീനതയിലുള്ള പതിനഞ്ചേക്കറ വരുന്ന അകം തുരുത്തി ദ്വീപും ഇവയോട് ചേർന്ന് കിടക്കുന്നു. മറ്റൊരുഭാഗത്തായി പടിയൂർ പഞ്ചായത്തിലെ പെരുവംപറമ്പിൽ പരന്നുകിടക്കുന്ന ഏക്കർ കണക്കിന് പച്ചത്തുരുത്തുകളും പ്രകൃതിക്ക് കോട്ടം വരാത്ത രീതിയിൽ വികസിപ്പിച്ചെടുക്കാൻ കഴിയും. ഇവയുമായി പഴശ്ശി അണക്കെട്ടിനെ അടക്കം ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്പ് വേകളോ ബോട്ട് സർവീസുകളോ ആരംഭിക്കുന്ന പക്ഷം കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മേഖലയെ മാറ്റാൻ കഴിയും.
ഇരിട്ടി പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുമ്പറമ്പിലാണ് ഇപ്പോൾ നിർമ്മിക്കാന്ന് ഉദ്ദേശിക്കുന്ന പാർക്കിന്റെ സ്ഥലം സ്ഥിതിചെയ്യുന്നത്. പാർക്ക് പുനർ നിർമ്മിക്കുന്നതോടെ പ്രാദേശികതലത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നോക്കി നടത്തുവാനും പരിപാലിക്കുവാനുമുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
നല്ല ഇരിപ്പിടങ്ങൾ, പ്രവേശനകവാടം, സൂചക ബോർഡുകൾ, ശിൽപ്പങ്ങൾ, പൂച്ചെടികൾ, പുൽത്തകിടികൾ എന്നിവയൊക്കെ ഒരുക്കിയാണ‌് അന്നത്തെ വനം മന്ത്രി പ്രൊഫ. എൻ എം ജോസഫ‌് ഉദ‌്ഘാടനം ചെയ‌്തത‌്. സ്ഥാപിച്ച ഉപകരണങ്ങളെല്ലാം തകർന്നു. പാർക്കിലെത്താനും സഞ്ചാരികൾക്ക‌് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും സംവിധാനമില്ലാത്തതും ചുമതലക്കാരില്ലാത്തതും പെരുമ്പറമ്പ‌് പാർക്കിന്റെ നാശത്തിനിടയാക്കി. ഇപ്പോൾ ഇവിടെ നലേക്കർ സ്ഥലം ഉണ്ടെന്നല്ലാതെ പാർക്കിന്റെ ഒരു ലക്ഷണവുമില്ല. പായം പഞ്ചായത്ത‌് സർക്കാരിന‌് നൽകിയ അപേക്ഷയിൽ പാർക്ക‌് പുനരുദ്ധരിക്കാൻ വനം വകുപ്പ് തയ്യാറാവുകയായിരുന്നു.
ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ഐ എഫു എസ് , സബ് കലക്ടർ മുഹമ്മദ് ഷഫീഖ് ഐ എ എസ് , കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് ഐ എഫ് എസ് , കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്ത്, ഇരിട്ടി ഫോറസ്റ്റർ ജിജിൽ, പായം പഞ്ചായത്ത് പ്രസി. പി രജനി, വൈസ് പ്രസി.അഡ്വ.എം. വിനോദ് കുമാർ, വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി സ്ഥിരം അദ്ധ്യക്ഷ ജെസി, പഞ്ചായത്ത് സെക്രട്ടറി ടി. ഡി. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.