20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • ജില്ലയിൽ മാത്രം 3500 ഹെക്ടറോളം സ്ഥലത്ത് പുതുതായി കൃഷി; വിൽപനയ്ക്ക് പുതുവഴികൾ .
kannur

ജില്ലയിൽ മാത്രം 3500 ഹെക്ടറോളം സ്ഥലത്ത് പുതുതായി കൃഷി; വിൽപനയ്ക്ക് പുതുവഴികൾ .

കണ്ണൂർ:കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തുടക്കമിട്ട സുഭിക്ഷ കേരളം പദ്ധതി വിപ്ലവകരമായ മാറ്റമാണു കൃഷിമേഖലയിലുണ്ടാക്കിയത്. ജില്ലയിൽ മാത്രം 3500 ഹെക്ടറോളം സ്ഥലത്താണു പുതുതായി കൃഷിയിറക്കിയത്. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും നെല്ല്, പയറുവർഗങ്ങൾ, വാഴ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തു.

ഹെക്ടറിന് 10 ടൺ എന്ന തരത്തിൽ വിളവു കണക്കാക്കിയാൽ 35,000 ടൺ ഭക്ഷ്യവിഭവങ്ങളാണു ജില്ലയിൽ മാത്രം അധികമായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞത്. തമിഴ്നാടും കർണാടകയും അതിർത്തി അടച്ചപ്പോൾ പച്ചക്കറികൾ സുലഭമായി ലഭിച്ചതു കൃഷി മേഖലയിലെ ഈ മുന്നേറ്റമാണ്. അതേസമയം ഈ ഉൽപന്നങ്ങളെല്ലാം ഒന്നിച്ച് ആഭ്യന്തര വിപണികളിലേക്ക് എത്തിയാൽ ഏറ്റെടുക്കാനോ വിറ്റു തീർക്കാനോ പര്യാപ്തമായ സംവിധാനം നമുക്കില്ല.

നാട്ടിലെ വിപണി

ലോക്‌ഡൗൺ കാലത്തു നാട്ടിലെ വിപണികളിലും കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിതരണം ചെയ്ത കിറ്റുകളിലുമെല്ലാം നിറഞ്ഞതു നാട്ടിൻപുറത്തുതന്നെ വിളഞ്ഞ പച്ചക്കറികളായിരുന്നു. എന്നിട്ടും ബാക്കിവന്ന വിളകളുണ്ട്. കപ്പ, കൈതച്ചക്ക, കരിമ്പ്, കുമ്പളം എന്നിവയെല്ലാം. വില അൽപം കൂടുതലാണെങ്കിലും കീടനാശിനികളുടെ അതിപ്രസരമില്ലാത്ത പച്ചക്കറികളെന്ന നിലയിൽ നാട്ടുകാർ വാങ്ങാൻ തയാറായതാണു കർഷകർക്കു സഹായകമായത്.
പൊന്നുംവിള ചാലഞ്ച്

2019ലെ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു കൈത്താങ്ങാകാൻ മുന്നോട്ടുവച്ച പദ്ധതിയായിരുന്നു പൊന്നുംവിള ചാലഞ്ച്. കൃഷി ഓഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫിസേഴ്സ് കേരള കണ്ണൂർ ബ്രാഞ്ചുമായി ചേർന്നു സംഘടിപ്പിച്ച വിപണനമേള വൻ വിജയമായിരുന്നു. ജില്ലയിലെ 5214 കർഷകരുടെ വിളകളും മൂല്യവർധിത ഉൽപന്നങ്ങളുമാണു മേളയിൽ എത്തിച്ചിരുന്നത്. രണ്ടു ദിവസം കൊണ്ടു വിറ്റത് ആറര ലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങൾ. ഇതേ മാതൃകയിൽ ഈ വർഷം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മേളയിൽ 8 ലക്ഷം രൂപയുടെ കച്ചവടം നടന്നു.
നേരിട്ടു വിൽക്കട്ടെ

പൊന്നുംവിള ചാലഞ്ചിന്റെ വിജയത്തെത്തുടർന്നാണു കർഷകർക്കു നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയുന്ന രീതിയിൽ വിപണന സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇതിനായി 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വെജിറ്റബിൾ മാൾ എന്ന ആശയം യാഥാർഥ്യമാവുന്നതോടെ വിഷരഹിത പച്ചക്കറികളും ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന സാഹചര്യമൊരുങ്ങും.
ചാലഞ്ചുകൾ വീണ്ടും

നാട്ടിൻപുറത്തു വിറ്റുതീർക്കാൻ കഴിയാത്ത തരത്തിൽ ഉൽപാദനം വർധിച്ചതോടെയാണു കർഷകർ പ്രതിസന്ധിയിലായത്. ഇത്തവണ കപ്പ വിൽപന സംബന്ധിച്ചായിരുന്നു കർഷകർ ആദ്യം ആശങ്കയുയർത്തിയത്. കൃഷി വകുപ്പിനൊപ്പം സാഹചര്യം മനസ്സിലാക്കി യുവജനസംഘടനകളും റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള കൂട്ടായ്മകളും രംഗത്തിറങ്ങിയതോടെയാണു മഴയ്ക്കു മുൻപേ ഇവ വിറ്റുതീർക്കാൻ കഴിഞ്ഞത്. 300 ടണ്ണോളം വിളകൾ ചാലഞ്ചുകളിലൂടെ വിൽക്കാൻ കഴിഞ്ഞുവെന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ(മാർക്കറ്റിങ്) സി.വി.ജിദേഷ് പറഞ്ഞു.
അർബൻ സ്ട്രീറ്റ് മാർക്കറ്റുകൾ‌

കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ച അർബൻ സ്ട്രീറ്റ് മാർക്കറ്റുകളിൽ മൂന്നെണ്ണം ജില്ലയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആന്തൂർ നഗരസഭയിലും പള്ളിക്കുന്ന് അംബികാ റോഡിലും സിവിൽ സ്റ്റേഷൻ പരിസരത്തുമാണു മാർക്കറ്റുകൾ പ്രവർത്തനം തുടങ്ങിയത്. കോടിയേരി വില്ലേജ് ഓഫിസിനു സമീപവും മട്ടന്നൂർ ഇക്കോഷോപ്പിനു സമീപവും തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപവും മാർക്കറ്റുകൾ തുറക്കും.

Related posts

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor

ആറളം വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്

Aswathi Kottiyoor

നാ​ട്ടു​കാ​ർ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ചു

Aswathi Kottiyoor
WordPress Image Lightbox