കണ്ണൂര്‍: ജില്ലയില്‍ ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. അതിവ്യാപനമുള്ള സി കാറ്റഗറിയില്‍ 21 തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള കാറ്റഗറി ഡിയില്‍ നാല് തദ്ദേശ സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. സി കാറ്റഗറിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഡി കാറ്റഗറിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. തദ്ദേശ സ്ഥാപനങ്ങളെ ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തില്‍ താഴെയുള്ള മേഖലകളെ വ്യാപനം കുറഞ്ഞ പ്രദേശമായും (കാറ്റഗറി എ), ആറ് മുതല്‍ 12 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതമായ വ്യാപനമുള്ളതായും (കാറ്റഗറി ബി), 12 മുതല്‍ 18 ശതമാനം വരെയുള്ളത് അതിവ്യാപനമുള്ള പ്രദേശമായും (കാറ്റഗറി സി), 18 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിതീവ്ര വ്യാപനമുള്ളതായും (കാറ്റഗറി ഡി) തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക. ഓരോ കാറ്റഗറിക്കും മുന്‍പ് അനുവദിച്ച രീതിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും. കാറ്റഗറി ബി പ്രദേശങ്ങളിലും ഓട്ടോറിക്ഷകള്‍ അനുവദിക്കും. ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. കൂടാതെ റെയില്‍വേ സ്റ്റേഷനുകളിലും ജില്ലാ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. ഇതര സംസ്ഥാനത്തു നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കാനും ഉത്തരവുണ്ട്. കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍: സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ 25% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപങ്ങള്‍ 50% ജീവനക്കാരെ ഉള്‍പ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. അവശ്യവസ്തുക്കളുടെ കടകള്‍, അക്ഷയ സെന്ററുകള്‍, ഹോട്ടലുകളിലെ ഹോം ഡെലിവറി സംവിധാനം എന്നിവ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ ടേക്ക് എവേ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കും. കാറ്റഗറി സി: ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ഉണ്ടായിരിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ (തുണിക്കട, ആഭരണക്കട, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, പുസ്തക കടകള്‍) 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഹോം ഡെലിവറി സംവിധാനം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ. കാറ്റഗറി ഡി: ഈ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാറ്റഗറി ഡി യില്‍പ്പെട്ട നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ടി.പി.ആര്‍ നിരക്ക് ഏറ്റവും ഉയര്‍ന്ന തദ്ദേശ സ്ഥാപനം പെരളശ്ശേരി (21%) യാണ്. കുറവ് കോളയാട് (1.63%). ജില്ലയുടെ ടി.പി.ആര്‍ നിരക്ക് 9.82 ശതമാനമാണ്….