കണ്ണൂർ: നഗരമധ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ ദേശീയ പതാകയക്ക് അനാദരവ്. ഇന്നലെ രാവിലെ കളക്ടറേറ്റിനു മുന്നിലെ റോഡരികിലെ ഓടയ്ക്കു സമീപമാണ് പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തി നിർത്തിയ നിലയിൽ പതാക കണ്ടെത്തിയത്. ചെളി പുരണ്ട നിലയിലായിരുന്നു ദേശീയ പതാക. പിന്നീട് ടൗൺ പോലീസ് സ്ഥലത്തെത്തി ദേശീയ പതാക എടുത്തുമാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. സംഭവത്തെ വളരെ ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കളക്ടറേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സർക്കാർ ഓഫീസുകളിൽ അലക്ഷ്യമായി വച്ച ദേശീയ പതാക ആരെങ്കിലും എടുത്ത് കളക്ടറേറ്റ് പരിസരത്തുതന്നെ സ്ഥാപിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.