കണ്ണൂർ: ഇന്നുമുതൽ വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും ഓൺലൈനിൽ. വിദ്യാർഥികൾക്ക് ഇനി അധ്യാപകരുമായി ആശയവിനിമയം നടത്തി ക്ലാസുകൾ കൂടാം. കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷമാണ് ഓൺലൈൻ പഠനം ആരംഭിച്ചത്. എന്നാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്പോൾ പല വിദ്യാർഥികളും ശരിയായി ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പുതിയ അധ്യയനവർഷാരംഭത്തിൽ മാറ്റങ്ങൾ വരുത്തി ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ജൂൺ ഒന്നിനുതന്നെ അധ്യയനവർഷം ആരംഭിച്ചുവെങ്കിലും തുടക്കത്തിൽ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾക്ക് തുടക്കമായത്. കുട്ടികളുടെ പോരായ്മകളും പ്രശ്നങ്ങളും അധ്യാപകർ ചോദിച്ചറിഞ്ഞിരുന്നു. കൂടുതൽ പേരും കൂട്ടുകാരുമായി സംവദിക്കാൻ കഴിയുന്നില്ലെന്നും അധ്യാപകരോട് സംശയങ്ങൾ നേരിട്ടുചോദിച്ച് മനസിലാക്കാൻ പറ്റുന്നില്ലെന്നുമാണ് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതൽ അധ്യാപകരുമായി ആശയവിനിമയം നടത്തി ക്ലാസുകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ കുട്ടികളുമായി നല്ലൊരു ബന്ധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. സ്കൂളുകളിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും അധ്യാപകർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുക. ആഴ്ചയിൽ എല്ലാദിവസവും ഒരുനേരമെങ്കിലും അധ്യാപകർ കുട്ടികളുടെ പഠനനിലവാരം പരിശോധിക്കും. പാഠ്യഭാഗത്ത് വരുന്ന വിദ്യാർഥികളുടെ സംശയങ്ങളും ദൂരീകരിച്ചുകൊടുക്കും. കഴിഞ്ഞവർഷത്തെ ഓൺലൈൻ പഠനങ്ങളിലെ പോരായ്മകൾ പരിഹരിച്ചാണ് ഇന്നുമുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് തുടക്കത്തിൽ ചർച്ച ചെയ്യുന്നത്. ഓരോ വിദ്യാലയങ്ങളും കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ പാഠ്യഭാഗങ്ങൾ മനസിലാകുന്ന തരത്തിലുള്ള വ്യത്യസ്തമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ഈ അധ്യയനവർഷത്തിൽ 34,000 കുട്ടികളാണ് എയ്ഡഡ്-അൺ എയ്ഡഡ് മേഖലകളിൽനിന്ന് ആദ്യാക്ഷരം കുറിച്ചത്. ഒന്നാംക്ലാസിൽ ആദ്യമായി എത്തുന്ന വിദ്യാർഥികളെ അധ്യാപകർ വളരെ വ്യത്യസ്തമായ പരിപാടികളുമായാണ് വരവേൽക്കുന്നത്. പാട്ടുകളും കഥകളും കണക്കും ഇംഗ്ലീഷുമെല്ലാം രസകരമായ രീതിയിലാണ് അവരിലേക്ക് എത്തിക്കുന്നത്. കുട്ടികൾ വീട്ടിലിരുന്നാണ് പഠിക്കുന്നതെങ്കിലും ക്ലാസ് റൂമിന്റെ പ്രതീതി ഉണ്ടാക്കിക്കൊടുക്കാനാണ് അധ്യാപകരുടെ ശ്രമം.
ഓൺലൈൻ ക്ലാസ് ഇപ്പോഴും പരിധിക്കു പുറത്ത്
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ പഠനം തുടങ്ങിയിട്ട് വർഷം ഒന്നായെങ്കിലും മലയോരമേഖലകളിൽ പലരും ഇപ്പോഴും പരിധിക്കു പുറത്താണ്. മേയ് മാസത്തെ റിപ്പോർട്ടനുസരിച്ച് ജില്ലയിൽ 3605 വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ലഭ്യതയില്ലാത്തതായി കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് പ്രശ്നം പരിഹരിക്കാൻ ടെലിഫോൺ കന്പനികളുമായി ചർച്ചചെയ്ത് പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് ഡിഡിഇ മനോജ് മാണിയൂർ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പൊതു പഠനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രധാനമായും ഇന്റർനെറ്റ് പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളോക്കെയാണ് സമിതി മുന്‍പാകെ എത്താറുള്ളത്. മലയോരത്തും മറ്റുമുള്ള വിദ്യാർഥികൾ നേരിടുന്ന പ്രശ്നം കണ്ടെത്തി അത് സമിതിയുടെ നേതൃത്വത്തിൽ പരിഹരിച്ചു നൽകും. എന്നാൽ സമിതിക്ക് പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പരിഹരിച്ചുനൽകും. ഇന്റർനെറ്റ് പ്രശ്നം പരിഹരിക്കാൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എംഎൽഎമാരുടെയും കോർപറേഷൻ തലത്തിൽ മേയറുടെയും യോഗങ്ങൾ നടന്നുകഴിഞ്ഞു.
12 ശതമാനം കുട്ടികൾക്ക്
ടിവിയുമില്ല, 14 ശതമാനത്തിന് ഫോണുമില്ല
ശാസത്രസാഹിത്യ പരിഷത്ത് സംഘത്തിന്റെ സര്‍വേപ്രകാരം 67 ശതമാനം കുട്ടികള്‍ക്കാണ് കഴിഞ്ഞ അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ ഫലപ്രദമായി കാണാന്‍ സാധിച്ചത്. 12 ശതമാനം കുട്ടികളുടെ വീട്ടില്‍ ഇപ്പോഴും ടിവിയില്ല.
14 ശതമാനത്തിന് ആവശ്യമായ സ്മാർട്ട് ഫോണില്ല. രക്ഷിതാവിന്റെ ഫോണുപയോഗിക്കുന്ന അഞ്ചുശതമാനം പേര്‍ക്ക് പകല്‍ ക്ലാസ് കാണല്‍ സാധിക്കില്ല. ഒന്നിലധികം കുട്ടികളുള്ള വീട്ടില്‍ ഇരട്ടി പ്രതിസന്ധിയാണ്. ഫോണുപയോഗിക്കുന്നവരില് 40 ശതമാനം പേര്‍ക്കും ഇന്റർനെറ്റ് വേഗതയില്ല. 17 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യവുമില്ല. മൊത്തം 37 ശതമാനത്തിന് ഡിജിറ്റല്‍ പഠനത്തിന് പൂര്‍ണ അവസരം കിട്ടിയില്ല. രക്ഷിതാക്കളില്‍ 35 ശതമാനവും കുട്ടികള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാന്‍ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയാണ്.