കണ്ണൂര്‍: കാലവര്‍ഷത്തിന്റെ തുടക്കംമുതല്‍ അവസാനം വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര തീരം മുതല്‍ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മുംബൈ, കൊങ്കണ്‍, ഗോവ, തീരദേശ കര്‍ണാടക, വടക്കന്‍ കേരളംഎന്നിവിടങ്ങളിലൂടെയാണ് ഇതിന്റെ സഞ്ചാരപഥം. ഇതാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനവും കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇടവേളകള്‍ കുറഞ്ഞുള്ള ശക്തമായ മഴയ്ക്ക് ഇടയാക്കും. വയനാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഇതേ കാലാവസ്ഥയാകും ഉണ്ടാകുക.
കഴിഞ്ഞ ദിവസങ്ങളിലെ അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത് വടക്കന്‍ കേരളത്തിലാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ഒന്നുമുതല്‍ ആറ് സെന്റിമീറ്റര്‍ വരെ മാത്രം മഴ ലഭിച്ചപ്പോള്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ മാത്രം ലഭിച്ചത് 7.5നും 10.4 നുമിടയിലാണ്. കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ 9.2 ഉം പിലിക്കോട് 10.4 ഉം കണ്ണൂര്‍ പയ്യന്നൂരില്‍ 9.1 ഉം തളിപ്പറമ്പില്‍ 7.5 ഉം മട്ടന്നൂരില്‍ 9.3 ഉം സെ.മി മഴയാണു ലഭിച്ചത്.
ജാഗ്രത പാലിക്കണം
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്എന്നിവിടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിലെ താമസക്കാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും കണ്ടെത്തിയ അപകടസാധ്യതാ മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ താമസിക്കുന്നവര്‍, ഇത്തരം പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ അപകടസാധ്യത മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകടസാധ്യത മുന്നില്‍ക്കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ദുരിതാശ്വാസക്യാമ്പുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകളും പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള
പ്രത്യേക നിര്‍ദേശങ്ങള്‍
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ അതിനോട് സഹകരിക്കണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കണം.
സ്വകാര്യ, പൊതുസ്ഥലങ്ങളില്‍ അപകടവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അപകടാവസ്ഥയില്‍ കണ്ടാല്‍ അധികൃതരെ വിവരമറിയിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്കു മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല.
മലയോരമേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
previous post