27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാം വികസനക്കുതിപ്പിലേക്ക്‌…
Iritty

ആറളം ഫാം വികസനക്കുതിപ്പിലേക്ക്‌…

ഇരിട്ടി: ആറളം ഫാം വികസനത്തിന്‌ കാർഷിക സർവകലാശാല സമർപ്പിച്ച ഫാം പുനരുദ്ധാരണ പദ്ധതി മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഇടംപിടിച്ചു. ഫാം വൈവിധ്യവൽക്കരണ പദ്ധതികൾക്കും കാർഷിക പ്രോത്സാഹന പദ്ധതികൾക്കും ഇതോടെ വേഗമേറും. ഫാമിനായി കാർഷിക സർവകലാശാല ഗവേഷണ വിഭാഗം സമർപ്പിച്ച 14.56 കോടിയുടെ വികസന പദ്ധതി കഴിഞ്ഞ വർഷം സർക്കാർ അംഗീകരിച്ച്‌ മൂന്ന്‌ കോടി രൂപ അനുവദിച്ചു. വേതന കുടിശ്ശിക നൽകാൻ നാലുകോടിയും നൽകി.
ഫാമിൽ വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾക്ക്‌ ഇതിനകം തുടക്കമിട്ടു. ഫാം ഉൽപ്പന്ന വിൽപ്പനക്കായി ഇരിട്ടിയിൽ തണൽ മിനി സൂപ്പർ മാർക്കറ്റാരംഭിച്ചു. ഫാമിലെ 3500 ഏക്കറിൽ കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണം, വിപണനം, ഫാം ടൂറിസം, വൻകിട വിത്ത് തൈ വിൽപ്പന നേഴ്‌സറി, മാതൃ വൃക്ഷത്തോട്ടം തയ്യാറാക്കൽ എന്നീ പദ്ധതികൾ മൂന്ന് കോടി മുടക്കി ആദ്യഘട്ടത്തിൽ നടപ്പാക്കുകയാണ്‌. കാടുകയറിയ ഫാമിലെ മുഴുവൻ സ്ഥലത്തും റംബൂട്ടാൻപോലുള്ള പുതുതലമുറ കൃഷിയിറക്കാനും പദ്ധതിയായി. സുഭിക്ഷകേരളം പദ്ധതിയിൽ കരനെല്ല്‌ ഉൽപ്പാദിപ്പിച്ച്‌ കുത്തി അരിയാക്കി വിൽക്കാനും കഴിഞ്ഞു. പരമ്പരാഗത ജലസമ്പത്ത് ഉപയോഗിച്ച് മത്സ്യകൃഷി, വിദേശികൾക്കടക്കം ഫാമിൽ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികൾ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാർഷിക പ്രവർത്തനം എന്നിവയും നടപ്പാക്കാനാണ്‌ പദ്ധതിയാകുന്നത്‌. ബോട്ട് സർവീസാരംഭിക്കാനും ഉദ്ദേശമുണ്ട്‌.
ഫാം ടൂറിസം പദ്ധതിക്ക്‌ രണ്ടരക്കോടിയുടെ പ്രത്യേക നിർദേശവും സർക്കാർ പരിഗണിക്കും. ഫാമിൽ കൂറ്റൻ മഴവെള്ള സംഭരണിയും നിർമിക്കും. മേത്തരം വിത്ത് തേങ്ങ ശേഖരിച്ച് തെങ്ങിൻ തൈകളും വിത്ത് തേങ്ങയും വിൽക്കുന്ന കേന്ദ്രമായി ആറളം ഫാമിനെ മാറ്റും. വിത്ത് തൈ നേഴ്‌സറി ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തി. ജലസേചന പദ്ധതികളും നടപ്പാക്കും. അട്ടപ്പാടി സഹകരണ സൊസൈറ്റി സമർപ്പിച്ച പദ്ധതിയും ആറളം ഫാമിനൊപ്പം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
വൈവിധ്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്‌ 6.84 കോടി രൂപ അനുവദിക്കാൻ നിർദേശമുണ്ട്‌. കൃഷി സംരക്ഷണം, പുതുവിളകൾ, ഗോഡൗൺ, സംസ്കരണ കേന്ദ്രങ്ങളുടെ നിർമാണം, സുഗന്ധവിള, ജൈവപച്ചക്കറി കൃഷി എന്നിവ നടപ്പാക്കും. 25 ഏക്കറിൽ മഞ്ഞൾ കൃഷിയും.
നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയ ഫാമിനെ കരകയറ്റാനുള്ള പദ്ധതികൾക്കാണ്‌ ആദ്യം തുടക്കമിട്ടത്‌. 100 ദിന പദ്ധതി കൂടിയാവുന്നതോടെ ഫാം വികസന വഴിയിൽ കുതിക്കും.

Related posts

ഇരിട്ടി നഗരസഭയിൽ അഞ്ച് ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Aswathi Kottiyoor

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം പുനർ പ്രതിഷ്ഠയും നവീകരണ കലശവും ഫെബ്രുവരി 3 മുതൽ 13 വരെ

Aswathi Kottiyoor

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ സമ്മേളനവും അനുമോദനവും നടത്തി

Aswathi Kottiyoor
WordPress Image Lightbox