മണത്തണ പേരാവൂർ മേഖലകളിൽ ചാരായം എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പാലപ്പുഴ -കൂടലാട് സ്വദേശിയെ ചാരായം കടത്താൻ ഉപയോഗിച്ച വാഹന സഹിതം പേരാവൂർ എക്സൈസ് പിടികൂടി. 10 ലിറ്റർ ചാരായമാണ് ഇയാൾ ഓടിച്ചു വന്ന സ്കൂട്ടിയിൽ നിന്നും കണ്ടെടുത്തത്.
കൂടലാട് – പാലപ്പുഴ സ്വദേശി കുറുക്കൻപറമ്പിൽ വീട്ടിൽ അഭിജിത്ത് കെ പി എന്നയാൾക്കെതിരെയാണ് സ്കൂട്ടിയിൽ 10 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന കുറ്റത്തിന് പേരാവൂർ എക്സൈസ് പാർട്ടി കേസെടുത്തത്.
കൂടലാട് കേന്ദ്രീകരിച്ചു ചാരായം കടത്തികൊണ്ടുവന്ന് സൂക്ഷിച്ചു പേരാവൂർ, മണത്തണ മേഖലകളിൽ വില്പനയും വിതരണവും നടന്നു വരുന്നതായി ബഹു: ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സിനുകോയില്യത്തിനും, കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് പാർട്ടി പെരുമ്പുന്ന ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, കെ ശ്രീജിത്ത്, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.