23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • കിടപ്പുരോഗികളുടെ പരിചരണവും ഇനി തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ….
Thiruvanandapuram

കിടപ്പുരോഗികളുടെ പരിചരണവും ഇനി തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ….

തിരുവനന്തപുരം:കിടപ്പുരോഗികളടക്കം അവശതയനുഭവിക്കുന്നവർക്ക് പരിചരണം നൽകാനുള്ള ചുമതലയും ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്. സാമൂഹിക സന്നദ്ധസേന മുഖേനയാണ് ഈ സേവനം നടപ്പാക്കേണ്ടത്. സേന ഇപ്പോൾ തുടക്കംകുറിക്കുന്ന വാതിൽപ്പടി സേവനത്തിന്റെ അടുത്തഘട്ടമായി ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കും. ഇതിനുള്ള മാർഗരേഖ തദ്ദേശസ്വയംഭരണവകുപ്പ് അംഗീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കേണ്ടത്.

സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യം. ഇതിന്റെ ഭാഗമായി പെൻഷൻ വാങ്ങുന്നതിനുള്ള മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹികസുരക്ഷാ പെൻഷനും ദുരിതാശ്വാസനിധിയിൽനിന്നുള്ള ധനസഹായത്തിനുമുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സന്നദ്ധപ്രവർത്തകരുടെ ശക്തമായ സംവിധാനം ഉണ്ടായിക്കഴിഞ്ഞാൽ അടുത്തഘട്ടമായി ആരോഗ്യ, സാന്ത്വന സേവനങ്ങളും ഭക്ഷ്യസുരക്ഷയും ഇവർ ഏറ്റെടുക്കാനാണ് നിർദേശിക്കുന്നത്. അക്ഷയകേന്ദ്രത്തിലെ പ്രവർത്തകർ, ജനമൈത്രി പോലീസ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അങ്കണവാടി-ആശാ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടത്.

കിടപ്പുരോഗികളെ ദിവസവും സന്ദർശിച്ച് ദിനചര്യ നിർവഹിക്കുന്നതിനടക്കമുള്ള സഹായംനൽകണം. സന്നദ്ധപ്രവർത്തകർക്ക് ദിനബത്ത അനുവദിക്കും. സാന്ത്വന സാന്നിധ്യമാണ് മറ്റൊന്ന്. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവരെ സന്ദർശിച്ച് മാനസികോല്ലാസം പകരാൻ എൻ.എസ്.എസ്. വൊളന്റിയർമാരെ പ്രയോജനപ്പെടുത്തും. കൂട്ടിരിപ്പുസേവനമാണ് അടുത്തത്. ആശുപത്രിയിൽ കൂടെപ്പോകാൻ ആളില്ലാത്തവർക്ക് കൂട്ടുപോകുകയും മരുന്നുംമറ്റും വാങ്ങിനൽകുകയും ചെയ്യും. വീട്ടുകാർക്ക് അസൗകര്യമുള്ളപ്പോൾ ആശുപത്രിയിലും വീട്ടിലും കൂട്ടിരിക്കാനും സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. ഇവർക്ക് യാത്രച്ചെലവും ദിനബത്തയും അനുവദിക്കും.
ഭക്ഷ്യസുരക്ഷയാണ് അടുത്തത്. എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തും. ജനകീയ ഹോട്ടലിൽനിന്നടക്കം ഭക്ഷണം എത്തിക്കും. ഓരോ ഗുണഭോക്താവിനും നിശ്ചയിക്കപ്പെട്ട സേവനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഐഡന്റിറ്റി കമ്യൂണിറ്റി കാർഡ് ഏർപ്പെടുത്തും. പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യം, പോലീസ്, ഐ.സി.ഡി.എസ്., അക്ഷയകേന്ദ്രം, അയൽക്കൂട്ട പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി ഉണ്ടായിരിക്കും. സർക്കാർ ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററും സന്നദ്ധപ്രവർത്തകൻ ജനറൽ കൺവീനറുമായിരിക്കും.

Related posts

കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം, തൃശ്ശൂരില്‍ വഴിയാത്രക്കാരന്‍ മരിച്ചു.*

Aswathi Kottiyoor

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

Aswathi Kottiyoor

20 – 40 പ്രായക്കാരിൽ കോവിഡ്‌ കൂടുന്നു ; ക്രിസ്‌മസ്‌ പുതുവർഷ ആഘോഷങ്ങൾ വ്യാപനത്തിന് കാരണമായി

Aswathi Kottiyoor
WordPress Image Lightbox