സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ. കൊവിഷീൽഡിന് 780 രൂപയും, കൊവാക്സിന് 1410 രൂപയുമാണ് വില. സ്പുട്നിക്ക് വാക്സിന് 1145 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പരമാവധി ഈ തുക മാത്രമെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിനു പിന്നാലെ വിതരണത്തിനും കേന്ദ്രം പുതിയ മാർഗരേഖ പുറപ്പെടുവിച്ചിരുന്നു.
സൗജന്യ വാക്സിന് വരുമാനം മാനദണ്ഡമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗരേഖയിൽ പറയുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകുക ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.