38.4 C
Iritty, IN
February 29, 2024
  • Home
  • Iritty
  • ടി പി ആർ നിരക്ക് ഉയർന്നുതന്നെ – ഇരിട്ടി നഗരസഭയിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി സാർവത്രിക പരിശോധനാക്യാമ്പിന്‌ തുടക്കം
Iritty

ടി പി ആർ നിരക്ക് ഉയർന്നുതന്നെ – ഇരിട്ടി നഗരസഭയിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി സാർവത്രിക പരിശോധനാക്യാമ്പിന്‌ തുടക്കം

ഇരിട്ടി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭാ പരിധിയിൽ സാർവത്രിക പരിശോധനാ ക്യാമ്പിന് തുടക്കമായി. സംസ്ഥാന തലത്തിൽ ടി പി ആർ കുറഞ്ഞു വരുമ്പോഴും നഗരസഭാ പരിധിയിൽ 15 ശതമാനത്തിന് തൊട്ട് തോത് ഉയർന്നു നിൽക്കുന്നത് ആശങ്കക്കിടയാതിനാലാണ് കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. നിയന്ത്രണങ്ങൾ ശക്തമായി തുടരുമ്പോഴും രോഗ വ്യാപന തോത് കുറയാത്തത് അൺലോക്ക് പ്രക്രിയയെ കാര്യമായി ബാധിക്കും എന്നതിനാൽ രോഗവ്യാപന തോത് നിർണ്ണയിക്കുന്നതിനായി നഗരസഭാ തലത്തിൽ സാർവ്വത്രിക പരിശോധനയ്ക്ക് സുരക്ഷാ സമിതി തീരുമാനിച്ചിരിക്കുകയായിരുന്നു . പ്രധാന ടൗണുകളും മറ്റും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കോവിഡ് പരിശോധനയ്ക്ക് കാണിക്കുന്ന വിമുഖതയാണ് രോഗ വ്യാപന നിരക്ക് ഉയരുന്നതിന് ഇടയാക്കുന്നതെന്ന കണ്ടെത്തലിനെത്തുടർന്ന് നടക്കുന്ന പരിശോധനാ ക്യാമ്പുകളിൽ പരമാവധിപേർ എത്തണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച ഇരിട്ടി പഴയ ബസ്റ്റാന്റ് നഗരസഭാ കെട്ടിടത്തിലും ചാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലും ക്യാമ്പ് നടന്നു . ഇരിട്ടിയിൽ 116 പേർ ആന്റിജൻ പരിശോധനയ്ക്ക് എത്തിയെങ്കിലും ആർക്കും രോഗ സ്ഥിരീകരണമുണ്ടായില്ല. ചാവശേരിയിൽ 67 പേരുടെ ആന്റിജൻ പരിശോധിച്ചതിൽ ഒരാൾക്ക് മാത്രമാണ് പോസറ്റീവ് റിപ്പോർട്ട് ലഭിച്ചത്.
ബുധനാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെ പുന്നാട് സഹകരണ ബാങ്ക് പരിസരത്തുവെച്ചും, 11മണിമുതൽ 12 മണിവരെ ഉളിയിൽ ഗവ. യു പി സ്‌കൂളിൽ വെച്ചും, 12മണിമുതൽ 1.30 വരെ 19-ാം മൈൽ മദ്രസയിൽ വെച്ചും ക്യാമ്പ് നടക്കും . വ്യാഴാഴ്ച്ച രാവിലെ പയഞ്ചേരി വികാസ നഗർ , 11മണിക്ക് വള്ള്യാട് , തുടർന്ന് എടക്കാനം എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ വെച്ച് ക്യാമ്പ് നടക്കും . വ്യാപാര സ്ഥാപന തൊഴിലാളികൾ, ഹോട്ടൽ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിൽപ്പെട്ട ആളുകൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പ് ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കമ്മിറ്റി അറിയിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ കോളനികൾ കേന്ദ്രീകരിച്ചും ആൻറിജൻ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, വാർഡ് അംഗം വി.പി. അബ്ദുൾ റഷീദ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കുഞ്ഞിരാമൻ, ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
നഗരസഭാ പരിധിയിൽ കോവിഡിന്റെ രണ്ടാം വരവിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വ്യാപാരികൾ അടക്കം ഇതുവരെ രണ്ടായിരത്തിലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. നഗരത്തിലെ 8ഓളം വ്യാപാരികളടക്കം നഗരസഭയിൽ ഇതുവരെ 41 പേർ കോവിഡ് ബാധമൂലം മരണത്തിന് കീഴടങ്ങി. ചാവശേരി പറമ്പ് ടൗൺ ഷിപ്പ് കോളനിയിൽ നേരത്തെ രോഗവ്യാപനം ശക്തമായിരുന്നു. നഗരസഭാ തുടർച്ചയായി നടത്തിയ ക്യാമ്പിലൂടേയും ബോധവത്ക്കരണത്തിലൂടേയും രോഗം പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ഇതേ പാത പിൻതുടർന്നാണ് കൂടുതൽ പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം കോവിഡ് പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതാണ് ടി പി ആർ കുറയാതെ നില്ക്കുന്നതിന് പിന്നിലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നേരത്തെ ദിവസം ശരാശരി 150നും 180നും ഇടയിൽ ആളുകൾ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ ഇത് നാൽപ്പത്തോളമായി കുറഞ്ഞു. രോഗികളുമായി പ്രാഥമിക ബന്ധം ഉള്ളവർ പോലും ഇപ്പോൾ പരിശോധനയ്ക്ക് എത്തുന്നില്ല. കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ളവരാണ് ഇപ്പോൾ പരിശോധനയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗവും എന്നതാണ് ടി പി ആർ ഉയർന്ന് നില്ക്കാൻ ഇടയാക്കുന്നത് എന്നാണ് അധികൃതരുടെ നിഗമനം. .

Related posts

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

Aswathi Kottiyoor

ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാരും അവധിയിൽ നോക്കുകുത്തിയായി കോടികൾ മുടക്കി പണിത ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ മാതൃ- ശിശു വാർഡ്

Aswathi Kottiyoor
WordPress Image Lightbox