കോവിഡ് രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിൽ നിന്നു രാജ്യം കരകയറുന്നതിന്റെ ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.
1,00,636 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം 2,427 മരിക്കുകയും ചെയ്തു. രാജ്യത്ത് നിലവിൽ 2,89,09,975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,71,59,180 പേർ രോഗമുക്തരായി. നിലവിൽ 14,01,609 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 3,49,186 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലേക്കു കുറയുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ 5.62 ശതമാനമാണ് രാജ്യത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകൾ കുറയുകയാണ്. കോവിഡ് രോഗമുക്തി നിരക്ക് 93.67 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 52 ദിവസത്തിനുശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെയെത്തി.