കേളകം: ചുങ്കക്കുന്ന് മൃഗാശുപത്രിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ മഴക്കാലം ആരംഭിച്ചതോടെ ഭീതിയിലാണ്. പുഴയുടെ സംരക്ഷണ ഭിത്തി നിർമാണം നടക്കാത്തതിനാൽ ഇത്തവണയും വെള്ളം കയറുമോ എന്ന ആശങ്കയിൽ കഴിയുകയാണ് ഈ കുടുംബങ്ങൾ. 2018ലെ പ്രളയകാലം മുതലാണ് ബാവലിപ്പുഴയിൽ നിന്ന് വെള്ളം മൃഗാശുപത്രിക്ക് സമീപംവഴി വീടുകളിൽ കയറാൻ തുടങ്ങിയത്. 2019 ലും കഴിഞ്ഞ വർഷവും വെള്ളം കയറി.
ബിന്ദു ജെയ്സൺ ചെറുകാനായിൽ, തങ്കച്ചൻ ആമക്കാട്ട്, വിലാസിനി കരിമണ്ണിൽ തുടങ്ങിയവരുടെ വീടുകളിലും സമീപങ്ങളിലെ വാടക വീടുകളിലുമെല്ലാം വെള്ളം കയറി. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. മൃഗാശുപത്രിയിലും എല്ലാ വർഷവും വെള്ളം കയറുന്നുണ്ട്.
വർഷാവർഷവും വീടുകളിൽ നിരവധി നാശനഷ്ടങ്ങളും ഉണ്ടാകുന്നു. തുടർച്ചയായ പ്രളയങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടും പുഴയുടെ സംരക്ഷണ ഭിത്തിനിർമാണം കടലാസിൽ ഒതുങ്ങുന്നതിൽ വലിയ അമർഷത്തിലാണ് കുടുംബങ്ങൾ.
കഴിഞ്ഞ മൂന്നു വർഷവും വീട്ടുപകരണങ്ങളടക്കം നശിച്ചു. വെള്ളം കയറിയതിന്റെ പാടുകൾ ഇപ്പോഴും പല വീടുകളിലെ ചുമരുകളിലുണ്ട്. മഴ കനത്താൽ വീട്ടിൽ കഴിയാൻ ഭയമാണെന്നും ഇവർ പറയുന്നു. വെള്ളം കയറാൻ സാധ്യതയുള്ള വീടുകളുടെ കണക്കെടുക്കാൻ കഴിഞ്ഞ ദിവസം അധികൃതർ എത്തിയിരുന്നു. എന്നാൽ ഇത്തവണ വെള്ളം കയറിയാലും തങ്ങൾ വീട്ടിൽത്തന്നെ കഴിയുമെന്നും എവിടെയും മാറിപ്പോകാൻ ഉദ്ദേശമില്ലെന്നും ഇവിടെയുള്ള വീട്ടുകാർ പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ പുഴഭിത്തി നിർമാണം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യമുള്ള സ്ഥലങ്ങളിൽ നിർമാണം നടത്തുന്നില്ലെന്ന പരാതി പുഴയുടെ സമീപത്ത് താമസിക്കുന്നവർക്കുണ്ട്. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പുഴകെട്ടി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്