24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • അറിവിന്റെ ലോകത്ത് ശലഭങ്ങളായി കുരുന്നുകള്‍: വിരുന്നായി ജില്ലാതല പ്രവേശനോത്സവം
kannur

അറിവിന്റെ ലോകത്ത് ശലഭങ്ങളായി കുരുന്നുകള്‍: വിരുന്നായി ജില്ലാതല പ്രവേശനോത്സവം

സ്‌കൂള്‍ തുറക്കുന്നതിന്റെ ആഘോഷാരവങ്ങള്‍ക്ക് കൊവിഡ് വ്യാപനം തടസ്സമായതോടെ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന്റെ സാധ്യതകളില്‍ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ചിറക് വിരിക്കുകയാണ് ജില്ലയിലെ കുരുന്നുകള്‍. പുത്തനുടുപ്പും പുതുമണമുള്ള പുസ്തകങ്ങളും ബാഗും കുടയും പുതിയ കൂട്ടുകാരുമായി സ്‌കൂളുകളിലെത്തിയിരുന്ന അധ്യയന വര്‍ഷാരംഭത്തിന്റെ ശബളിമ വീട്ടുമുറിയിലെ ടെലിവിഷന് മുമ്പിലിരുന്ന് ഇക്കുറി കുഞ്ഞുങ്ങള്‍ ആഘോഷമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നൊരുക്കിയ ജില്ലാതല പ്രവേശനോത്സവമാണ് കുരുന്നുകള്‍ക്ക് വിരുന്നായത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ പ്രവേശനോത്സവ വേദിയില്‍ കൊച്ചുകൂട്ടുകാര്‍ ആടിയും പാടിയും അധ്യയനാരംഭം അവിസ്മരണീയമാക്കി. കണ്ണൂര്‍ വിഷന്റെ സഹായത്തോടെ ലൈവ് ടെലികാസ്റ്റ് ചെയ്തതിനാല്‍ ജില്ലയിലെ മറ്റ് കുട്ടികളും രക്ഷിതാക്കളും ടെലിവിഷനിലൂടെ പ്രവേശനോത്സവത്തിന്റെ ഭാഗമായി.
കുട്ടികള്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന്‍, അഭിനേത്രി അനശ്വര രാജന്‍, മാങ്ങാട് അന്ധവിദ്യാലയത്തിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയും ഗായികയുമായ അനന്യ എന്നിവര്‍ ചേര്‍ന്ന് പ്രവേശനോത്സവത്തിന് തിരിതെളിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രവേശനോത്സവ സന്ദേശം നല്‍കി. അക്ഷരങ്ങള്‍ വാക്കുകളാകുമ്പോള്‍ ജീവിതത്തെ തൊട്ടറിയുകയാണെന്നും ചുറ്റുപാടുകളില്‍ ഇടപെടാനുള്ള ശേഷി ഓരോ വിദ്യാര്‍ത്ഥിയും കൈവരിക്കുമ്പോള്‍ മനുഷ്യനെ മാത്രമല്ല മണ്ണിനേയും മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ അവര്‍ കഴിയുമെന്നും പി പി ദിവ്യ പറഞ്ഞു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം പുസ്തകങ്ങളുടെ വര്‍ണ്ണ ലോകത്തേക്ക് എത്തിക്കാനുള്ള സാഹചര്യം രക്ഷിതാക്കള്‍ ഒരുക്കണമെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളോടൊപ്പം കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ കണ്ണൂര്‍ വടക്കന്‍സ് ട്രൂപ്പ് അവതരിപ്പിച്ച നാടന്‍ പാട്ടുകളും പ്രവേശനോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ കെ രത്‌നാകുമാരി, വി കെ സുരേഷ്ബാബു, യു പി ശോഭ, ടി സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി വി ചന്ദ്രന്‍, ഡിഡിഇ സി മനോജ്കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അശോകന്‍ മാസ്റ്റര്‍, ഡോ. പി വി പുരുഷോത്തമന്‍, എ വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും

Aswathi Kottiyoor

ബഫർസോൺ: പ്രതീക്ഷ വിദഗ്‌ധ സമിതിയിൽ

Aswathi Kottiyoor

മട്ടന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox