തലശേരി: ഡൽഹിയിൽ ആറു മാസമായി നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ ന്യായമായ അവകാശങ്ങളെ മാനിക്കാനും അവരെ സംരക്ഷിക്കാനും സർക്കാർ തയാറാകണമെന്നും എത്രയും വേഗം കർഷക സമരം ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നിട്ടിറങ്ങണമെന്നുംതലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ആവശ്യപ്പെട്ടു. ആറുമാസം പിന്നിട്ട ഡൽഹി കർഷകസമരത്തിൽ പങ്കെടുക്കുന്നവർ അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ സമരം ചെയ്യുന്നത് രാജ്യം മുഴുവനുള്ള കർഷകർക്കു വേണ്ടിയാണെന്ന് ഓരോ കർഷകനും ഓർക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിരൂപത ഇൻഫാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശേരിയിൽ നടത്തിയ പിന്തുണ സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തി. അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഈ കർഷക മഹാസമരത്തിനൊപ്പം തലശേരി അതിരൂപതയുമുണ്ടെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ, വാർഡ് മെംബർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഓൺലൈനായി നടത്തപ്പെട്ട സമ്മേളനത്തിൽ ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലം കുഴി അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, അതിരൂപത ഡയറക്ടർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം, സണ്ണി പുല്ലുവേലിൽ, ഡോ. ജോസഫ് തോമസ്, ലാലിച്ചൻ കുഴിയാത്ത്, സണ്ണി തുണ്ടത്തിൽ, ജോസ് തോണിക്കൽ, സുരേഷ് ഓടപ്പന്തിയിൽ, ടോമി ചക്കാലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.