അയൽസംസ്ഥാനത്ത് നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മത്സ്യം പിടികൂടിയ ശേഷം അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും സമൂഹ അടുക്കളകളിലേക്കും എത്തിച്ചു നൽകി തലശേരി പോലീസ്. കഴിഞ്ഞദിവസം രാത്രിയിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള അഗതിമന്ദിരങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും സമൂഹ അടുക്കളകളിലേക്കും മിന്നൽ വേഗത്തിൽ പോലീസ് വാഹനമെത്തുന്പോൾ എല്ലാവരും ഞെട്ടലായിരുന്നു. എന്നാൽ വാഹനത്തിൽ നിന്ന് ആവോലി മത്സ്യം ഇറക്കി വച്ചതോടെ ഞെട്ടൽ അദ്ഭുതവും സ്നേഹക്കടലുമായി മാറി.
നാല് ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യമാണ് തലശേരി സിഐ ജി.ഗോപകുമാർ, പ്രിൻസിപ്പൽ എസ് ഐ എ . അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോലീസ് വിവിധയിടങ്ങളിലായി എത്തിച്ചു നൽകിയത്. അഗതിമന്ദിരങ്ങളിലേക്ക് മത്സ്യം എത്തിയതിനു പിന്നിൽ പഴയങ്ങാടി,പട്ടാമ്പി സ്വദേശികളുടെ നേതൃത്വത്തിൽ തലശേരിയിൽ നടത്തിയ ഒരു മത്സ്യക്കടത്തിന്റെ കൂടി കഥയുണ്ട്. അതിങ്ങനെ:
ലോക്ഡൗണിനെ തുടർന്ന് തലശേരിയിലെ മത്സ്യ മൊത്തവിതരണ സംവിധാനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ സിഐ ഗോപകുമാറിനും എസ് ഐ എ. അഷ്റഫിനും ഒരു രഹസ്യവിവരമെത്തുന്നത്.
തലശേരി മാർക്കറ്റിനു സമീപം പിക്കപ്പ് വാനിൽ മത്സ്യം കയറ്റുന്നുവെന്നായിരുന്നു സന്ദേശം. സ്ഥലത്ത് എത്തിയ പോലീസ് മത്സ്യവും പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്ത് മൂന്നുപേരെ അറസ്റ്റുചെയ്തു. സ്റ്റേഷനിലെത്തിച്ച മത്സ്യം എന്ത് ചെയ്യുമെന്ന ചോദ്യം പോലീസിനു മുന്നിൽ വെല്ലുവിളിയായി ഉയർന്നു. സമയം കഴിയുന്തോറും മീൻ കേടായി പരിസരം ദുർഗന്ധപൂരിതമാകുകയും ചെയ്യും.
സാധാരണ മത്സ്യം പിടികൂടിയാൽ പിഴയൊടുക്കി എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പോലീസ് പതിവ് തെറ്റിച്ചു. ഉന്നത ഉദ്യാഗസ്ഥരുടേയും നിയമ വിദഗ്ധരുടേയും അനുമതിയോടെ പരിഹാരവും കണ്ടെത്തി. അഗതി മന്ദിരങ്ങളിലേക്കും സമൂഹ അടുക്കളകളിലേക്കും പിടികൂടിയ മീൻ എത്തിക്കുകയെന്നതായിരുന്നു തീരുമാനം.
പിക്കപ്പ് വാൻ കോടതിയിൽ ഹാജരാക്കുകയും മത്സ്യവിതരണം പോലീസുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പട്ടാമ്പി സ്വദേശി കുഞ്ഞഹമ്മദ്, പഴയങ്ങാടി സ്വദേശികളായ സിയാദ്, മുഹമ്മദ് മുസ്തഫ, എന്നിവരെ ജാമ്യം നൽകി വിട്ടയച്ചു. മംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു മത്സ്യം.