കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കോവിഡ് രണ്ടാം തരംഗം അതിജീവനത്തിനായി പ്രവർത്തനങ്ങൾ ആരംഭിച്ചു. മലബാർമേഖലയിലെ ഇടവകവികാരിമാരുടെയും ജനപ്രതിനിധികളുടെയും സമ്മേളനം വിളിച്ചു ചേർത്താണ് കർമ പദ്ധതികൾ രൂപീകരിച്ചത്.
ടെലി കൗൺസിലിംഗ്
കോവിഡ് വ്യാപനം മൂലം മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഈ മേഖലയിൽ പ്രാവണ്യം തെളിയിച്ച അഞ്ച് കൗൺസിലർമാരെയാണ് മാസ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെ തികച്ചു സൗജന്യമായി ഇവരുടെ സേവനങ്ങൾ ആളുകൾക്ക് ലഭ്യമാണ്.
ആംബുലൻസ് സർവീസ്
കണ്ണൂർ, കാസർഗോഡ് (രാജപുരം, മടമ്പം മേഖലകളിൽ) ജില്ലകളിൽ കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള രോഗത്താൽ ആശുപത്രികളിൽ പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റുമായി സൗജന്യമായി ആംബുലൻസ് സൗകര്യം ക്രമീകരിച്ചിരിക്കുന്നു.
മലബാർ ടാസ്ക് ഫോഴ്സ്
കോവിഡിന്റെ ആദ്യ തരംഗത്തിൽ മലബാർ റീജിയൻ കേന്ദ്രമായി 50 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച മലബാർ ടാസ്ക് ഫോഴ്സ് നിലനിർത്തിക്കൊണ്ടുതന്നെ മലബാറിലെ എല്ലാ ഇടവകകളിലും വൈദികരുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതസംസ്കാരം, വാക്സിനേഷൻ രജിസ്ട്രേഷൻ, ഹെൽപ് ഡെസ്ക്, അടിയന്തര സഹായങ്ങൾ ആയ ഭക്ഷണം, മരുന്ന്, വാഹന സൗകര്യങ്ങൾ, ശുചീകരണം, മൃഗപരിപാലനം മുതലായവയുമായും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനങ്ങളും ടാസ്ക് ഫോഴ്സ് ലക്ഷ്യം വയ്ക്കുന്നു. കൂടാതെ മെഡിക്കൽ കിറ്റുകളും മറ്റ് അടിയന്തരസഹായങ്ങളും പ്രവർത്തന മേഖലകളിൽ എത്തിക്കാനുള്ളശ്രമത്തിലാണ് മാസ്.