കണ്ണൂര്‍: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കൈത്താങ്ങാവുകയാണ് തൊഴില്‍ വകുപ്പ്. വിവിധ ക്യാമ്പുകളിലായി കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി.
സപ്ലൈകോ വഴിയാണ് തൊഴിലാളികള്‍ക്കായി അവശ്യഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നത്. അഞ്ച് കിലോഗ്രാം അരി, രണ്ട് കിലോ ആട്ട, പരിപ്പ്, കടല, എണ്ണ, ഉപ്പ്, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങി അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം അഞ്ച് വീതം മാസ്കുമാണ് കിറ്റിലുള്ളത്.
വിതരണ സ്ഥലങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മേല്‍നോട്ടം വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെയും വോളണ്ടിയര്‍മാരുടെയും സഹായത്തോടെ കോവിഡ്, ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്കാവശ്യമായ ബോധവത്കരണവും നല്‍കും.