ചാല ബൈപാസ് ജംഗ്ഷനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മറിഞ്ഞു ചോർച്ചയുണ്ടായ ബുള്ളറ്റ് ടാങ്കറിൽനിന്ന് പാചകവാതകം സുരക്ഷിതമായി മറ്റു ടാങ്കറിലേക്ക് മാറ്റി നിറയ്ക്കുന്ന പ്രവൃത്തി പൂർത്തിയായത് ഇന്നലെ രാവിലെ എട്ടോടെ. ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്ന് എത്തിച്ച അഞ്ച് ടാങ്കറുകളിലേക്കാണ് വാതകം മാറ്റി നിറച്ചത്. ചേളാരിയിൽനിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വാതകം മാറ്റി നിറച്ചത്.
ഇന്ധനം നിറയ്ക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക കംപ്യൂട്ടർ സംവിധാനത്തിലാണ് ഓരോ ബുള്ളറ്റ് ടാങ്കറിലും ഇന്ധനം നിറയ്ക്കുക. എന്നാൽ ഇത്രയും സംവിധാനം അപകടസ്ഥലത്ത് ഒരുക്കാൻ കഴിയാത്തതിനാൽ അപകടം ഒഴിവാക്കാനായാണ് ഒരു ബുള്ളറ്റ് ടാങ്കറിലെ ഇന്ധനം അഞ്ചു ബുള്ളറ്റ് ടാങ്കറുകളിലായി മാറ്റിയത്. ഇന്ധനം പൂർണമായും മാറ്റിയതിനുശേഷം മറിഞ്ഞ ടാങ്കർ ഉയർത്തി ഇവിടെനിന്നും മാറ്റി. വളപട്ടണത്തുനിന്നുള്ള ഖലാസികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11ഓടെയാണ് മറിഞ്ഞ ടാങ്കർ ഉയർത്തിയത്. ഇതിനുശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നും മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. ഡ്രൈവർ തമിഴ്നാട് സ്വദേശി മുരുകവേൽ (40) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരേ എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
15 മണിക്കൂർ നീണ്ട
കഠിന പരിശ്രമം
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബുള്ളറ്റ് ടാങ്കർ അപകടത്തിൽപ്പെട്ട ചാല പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും ഭീതിയും അകന്നത് ഇന്നലെ രാവിലെയോടെ. മറിഞ്ഞ ടാങ്കറിൽനിന്ന് വാതകച്ചോർച്ച ഉണ്ടായതോടെ പ്രദേശവാസികളും ജില്ല ഒന്നടങ്കവും ആശങ്കയുടെയും ഭീതിയുടെയും നിഴലിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ഇന്ധനം മാറ്റി നിറയ്ക്കൽ പ്രവർത്തനം പൂർത്തിയാക്കിയത് 15 മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്താലാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ആരംഭിച്ച പ്രവർത്തനം ഇന്നലെ രാവിലെ എട്ടോടെ പൂർത്തീകരിച്ചതോടെയാണ് ആശങ്കയുടെയും ഭീതിയുടെയും അന്തരീക്ഷം മാറിയത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ചേളാരിയിൽനിന്നുള്ള വിദഗ്ധ സംഘവും അഞ്ച് ടാങ്കറുകളും സ്ഥലത്തെത്തിയതോടെതന്നെ ഇന്ധനം മാറ്റി നിറയ്ക്കുന്ന പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ ആശങ്കയ്ക്ക് അൽപം വിരാമമായെങ്കിലും ടാങ്കറിൽ കൂടുതൽ സ്ഥലത്ത് ചോർച്ച കണ്ടെത്തിയത് വിദഗ്ധ സംഘാംഗങ്ങളിലും പോലീസ്, അഗ്നിരക്ഷ സേനാംഗങ്ങളിലും ഉദ്യോഗസ്ഥരിലും നാട്ടുകാരിലും വീണ്ടും ആശങ്ക പരത്തിയിരുന്നു.
ടാങ്കറിന്റെ ചോർച്ചയുള്ള ഭാഗം മണ്ണുകൊണ്ട് മൂടിയും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തുടർച്ചയായി വെള്ളം ചീറ്റിച്ചുമായിരുന്നു അപകടസാധ്യത ഒഴിവാക്കിയത്. നാട്ടുകാരുടെ പ്രവർത്തനവും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായമായിരുന്നു.
അപകടം നടന്നയുടൻ വൈദ്യുതി ബന്ധം വിഛേദിക്കുകയും പ്രദേശത്തെ വീട്ടുകാരെ മാറ്റുകയും ചെയ്തിരുന്നു. ജില്ലാകളക്ടർ ടി.വി. സുഭാഷ്, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, മേയർ ടി.ഒ. മോഹനൻ എന്നിവർ ഇന്ധനം പൂർണമായും മാറ്റി നിറയക്കുന്നതുവരെ സ്ഥലത്തുണ്ടായിരുന്നു.