മട്ടന്നൂര്‍: കഠിനമായ വേനല്‍ച്ചൂടില്‍ വരള്‍ച്ച രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ഊര്‍ജിതമാക്കി.
മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും സമീപ പഞ്ചായത്തുകളിലുമായി ദിവസം രണ്ടര ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. കിണറുകളും തോടുകളും വറ്റിവരണ്ടതോടെ ലോറിയിലെത്തുന്ന വെള്ളത്തെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.
മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും അയ്യങ്കുന്ന്, മാലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പ്ലാന്റില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
മൂന്നും നാലും ലോറികളാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കാന്‍ ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലെത്തുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ ടാങ്കറുകള്‍ വെള്ളം ശേഖരിച്ച് വിതരണം നടത്തുകയാണ്. പഴശി ഡാമില്‍ നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലെത്തിച്ച് ശുചീകരിച്ചാണ് വിതരണം ചെയ്യുന്നത്.