കണ്ണൂർ: മൂന്നാഴ്ചനീണ്ട കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമമിട്ട വോട്ടെണ്ണൽ ദിനത്തിൽ ചരിത്രത്തിൽ ആദ്യമായി ആളും ആരവങ്ങളുമില്ലാതെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയാഹ്ലാദങ്ങൾ വിലക്കി ഉത്തരവിറക്കിയത്.
കൊട്ടുംപാട്ടുമില്ലാതെ
പുലർച്ചെ 5.30 നുതന്നെ കൗണ്ടിംഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നിരീക്ഷകരും വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തി. പ്രവർത്തകർക്ക് ശക്തമായ നിർദേശം പാർട്ടി കേന്ദ്രങ്ങളിൽനിന്നു നൽകിയതിനാൽ ആരുംതന്നെ വോട്ടെടുപ്പ് കേന്ദ്രത്തിൽ എത്തിയില്ല. ആദ്യഫലം എത്തുന്പോഴേക്കും കൊടിയും ബാൻഡുമേളങ്ങളുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന വൻ പുരുഷാരം ഇക്കുറിയുണ്ടായില്ല. റോഡുകളും ഗ്രാമവീഥികളും വിജനമായിരുന്നു.
കോവിഡ് സർട്ടിഫിക്കറ്റ്
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ രണ്ടുദിവസം മുന്പ് പരിശോധിച്ച പലർക്കും പരിശോധനാഫലം ലഭിക്കാൻ വൈകിയതുകാരണം വോട്ടെണ്ണൽ കേന്ദ്രത്തിൽ ആന്റിജൻ പരിശോധന നടത്തി. ഫലം നെഗറ്റീവായവർക്ക് മാത്രമേ ഹാളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ആന്റിജൻ പരിശോധന നടത്തിയത്.
നാട്ടിൻപുറങ്ങളിൽ വെടിക്കെട്ട്
ആഹ്ലാദപ്രകടനങ്ങൾ നിരോധിച്ചതിനാൽ പുറത്തിറങ്ങാനാകാതെ പാർട്ടി അണികൾ വീടുകളിൽ തന്നെ ആഹ്ലാദം പങ്കുവച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു കോവിഡ് കാലത്തെ വിജയാഹ്ലാദം. സുഹൃത്തുക്കൾ ഒത്തുചേർന്ന് കോവിഡ് മാദണ്ഡങ്ങൾ പാലിച്ച് റോഡരികിലും വയലുകളിലും പടക്കം പൊട്ടിച്ചും കൊടികൾ തൂക്കിയും ആഹ്ലാദം പങ്കുവച്ചു. പടക്ക കടകൾ പലതും തുറപ്പിച്ചാണ് പടക്കങ്ങൾ വാങ്ങിയത്. വിജയാഹ്ലാദം വീടിനുപുറത്ത് എത്തുന്നത് തടയാൻ പോലീസും ശക്തമായ നടപടി സ്വീകരിച്ചു. രാവിലെ മുതൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
ഉത്സവമാക്കി
സോഷ്യൽമീഡിയ
പരസ്യമായ കൂടിച്ചേരലും ആഹ്ലാദപ്രകടനങ്ങളും അനുവദിക്കാത്തതിനാൽ വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി സോഷ്യൽ മീഡിയ മാറി.
ട്രോളുകളും മറ്റുമായി ആഹ്ലാദം പൊലിപ്പിക്കുകയായിരുന്നു എൽഡിഎഫ് അണികൾ. സ്ക്വാഡുകൾ രൂപീകരിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണ പ്രവർത്തനങ്ങൾ. കേരളത്തിൽ അത്ര പ്രചാരമില്ലാത ട്വിറ്ററിൽ പോലും ആഹ്ലാദം അണപൊട്ടി.
വിജയിച്ച സ്ഥാനാർഥികളുടെ പോസ്റ്ററും തോറ്റ സ്ഥാനാർഥികളെ ട്രോളിയും ഒക്കെയായി ഫേസ്ബുക്കും വാട്സ് ആപ്പും കളം നിറയുകയാണ്. സ്റ്റാറ്റസും സ്റ്റിക്കറുമായി വിജയികളുടെ ചിത്രങ്ങൾ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കളം നിറയുക യാണ്
previous post