കണ്ണൂർ: സ്ത്രീ സുരക്ഷയ്ക്കായി ഒരു പാട് പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, രാത്രികാലങ്ങളിൽ കണ്ണൂർ നഗരത്തിൽ സ്ത്രീകൾ എത്തിയാൽ, എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ സുരക്ഷയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കിയ പദ്ധതികളൊന്നും ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. വൈകുന്നേരം സ്ത്രീകൾ കണ്ണൂർ നഗരത്തിൽ എത്തിയാൽ അനുഭവിക്കേണ്ടി വരുന്നത് സാമൂഹ്യ വിരുദ്ധരുടെയും സദാചാരക്കാരുടെയും ആക്രോശങ്ങളാണ്. വീട്ടിൽ പോകാൻ ബസിൽ കയറിയാലോ സ്ത്രീ സംവരണ സീറ്റ് മദ്യപൻമാർ കയ്യടക്കിയിരിക്കും. സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാൽ ചീത്തവിളിയും മറ്റും വേറെയും. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബസുകളിൽ നിയന്ത്രണം വന്നതോടെ സംവരണസീറ്റ് എന്നത് ഇല്ലാതായി എന്ന് വേണം പറയാൻ. വൈകുന്നേരം ആറിനുശേഷം ജോലി കഴിഞ്ഞ് ഇറങ്ങുന്ന സ്ത്രീകളിൽ പലരും വീട്ടിൽ എത്തുന്നത് രാത്രിയിലാണ്. ബസുകളിൽ കയറിപ്പറ്റാൻ സാധിക്കാത്തതാണ് പ്രധാന കാരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ വേണമെന്നാണ് ആവശ്യം. വാക്കാൽ പോരാ, പ്രവൃത്തിയിലൂടെ കാണിക്കണം.
റെഡ് ബട്ടൺ
എപ്പോൾ കത്തും?
സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച റെഡ് ബട്ടൺ പ്രവർത്തനക്ഷമമല്ലാതായിട്ട് നാളുകളായി.
കണ്ണൂർ നഗരസഭയായിരുന്ന കാലത്താണ് പഴയ ബസ് സ്റ്റാൻഡിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി കണ്ട്രോള് പോലീസുമായി സഹകരിച്ച് സ്ത്രീ സുരക്ഷ പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാല്‍ ഉദ്ഘാടന ദിവസം പ്രവര്‍ത്തിച്ചതല്ലാതെ പിന്നീട് ചുവന്ന ബട്ടണ്‍ കത്തിയില്ല. കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പറേഷനായതോടെ ഇതിന്റെ പ്രവൃത്തി പുനഃരാരംഭിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വൈദ്യുതിയില്ലാത്തത് കാരണമാണ് സ്ത്രീ സുരക്ഷാ ബട്ടൺ പ്രവർത്തിക്കാത്തതെന്നാണ് പറയുന്നത്.
കണ്ണൂര്‍ നഗരത്തില്‍ ആറ് സ്ഥലങ്ങളില്‍കൂടി സ്ത്രീ സുരക്ഷയ്ക്കായി ചുവന്ന ബട്ടണ്പ്രവര്ത്തിപ്പിക്കുമെന്നായിരുന്നു മുൻ മേയർ ഇ.പി. ലത പറഞ്ഞിരുന്നത്. ഇതിനായി കാല്‍ടെക്സ് ജംഗ്ഷന്, കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡ്, റെയില്‍വെ സ്റ്റേഷന്‍പരിസരം, പുതിയ ബസ് സ്റ്റാൻഡ്, പയ്യാമ്പലം പാര്‍ക്ക് എന്നീ സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും നടന്നില്ലെന്ന് മാത്രമല്ല, നിലവിൽ സ്ഥാപിച്ച പഴയ ബസ്സ്റ്റാൻഡിലെ റെഡ് ബട്ടൺ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതുമില്ല.
ഇപ്പോൾ റെഡ് ബട്ടന്റെ സ്ഥാനത്ത് നിറം മങ്ങിയ ഒരു സ്വിച്ച് മാത്രമാണ് ഉള്ളത്. ആദ്യം റെഡ് ബട്ടൺ അമർത്തിയിട്ട് പച്ച ബട്ടൺ അമർത്തണമെന്ന് നിർദേശം ബട്ടന്റെ മുകളിൽ എഴുതിയൊട്ടിച്ചിട്ടുണ്ട്. എന്നാൽ വെയിലേറ്റും മറ്റും ബട്ടൺ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. റെഡ് ബട്ടൺ ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
ഇരുട്ടിയാൽ ‘പിങ്കി’ല്ല
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് പിങ്ക് പോലീസിന്റെ സേവനം. പകൽ സമയങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പിങ്ക് പോലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്ത്രീ സുരക്ഷയ്ക്കായി ആവിഷ്കരിച്ച പിങ്ക് പോലീസിന്റെ സേവനം രാത്രി എട്ടോടെ അവസാനിക്കും. 1515 എന്ന നന്പറിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. പയ്യാന്പലം, പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കൂടുതലായും പിങ്ക് പോലീസിന്റെ സേവനം ലഭിച്ചുകൊണ്ടിരുന്നത്. സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയതിനും ശല്യം ചെയ്തതിനുമായിട്ട് നിരവധി കേസുകളാണ് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിങ്ക് പോലീസിന്റെ സേവനം രാത്രികാലങ്ങളിലേക്കും നീട്ടണമെന്ന് ആവശ്യമുയർന്നിട്ട് നാളുകളായി. എന്നാൽ ഇതുവരെ അക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.