കണ്ണൂർ: കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നലേയും തുടർന്നതോടെ ജില്ലയിൽ ഇന്നലെ മിനി ലോക്ക് ഡൗണായിരുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി റോഡിലും വാക്സിനേഷൻ സെന്ററുകളിലും ഇന്നലേയും പോലീസിന്റെ വ്യാപക പരിശോധന ഉണ്ടായിരുന്നു. അവശ്യ സര്‍വീസുകള്‍ തടയില്ലെന്ന് നിർദേശമുണ്ടെങ്കിലും ഇന്നലെ കണ്ണൂരിൽ സർവീസ് നടത്തിയത് മൂന്ന് സ്വകാര്യ ബസുകൾ മാത്രമാണ്.
കെഎസ്ആർടിസിയു സർവീസുകൾ വെട്ടിച്ചുരുക്കി. ഇന്നലെ ദീർഘദൂരമടക്കം 30 ശതമാനം ബസുകൾ മാത്രമാണ് സർവീസുകൾ നടത്തിയത്. കണ്ണൂരിൽനിന്നു കാസർഗോഡ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ദീർഘദൂര ബസുകളും തളിപ്പറന്പ്, പയ്യന്നൂർ, കൂത്തുപറന്പ് ഭാഗത്തേക്ക് ചില സർവീസുകളും മാത്രമാണ് ഇന്നലെ നടത്തിയത്.
അനാവശ്യ യാത്രകള്‍ പോലീസ് തടഞ്ഞു. കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ, സ്വയം തയാറാക്കി സത്യപ്രസ്താവനയോ കൈയിലുള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാനും യാത്രയ്ക്കും അനുമതി നകിയത്. ഞായറാഴ്ച ആയതിനാൽ ദേശീയപാതയിലൊഴികെ മറ്റിടങ്ങളിലെല്ലാം സ്വകാര്യ വാഹനങ്ങളും വളരെ കുറവായിരുന്നു. വിവാഹം, മരണം തുടങ്ങിയവയ്ക്കായി ചില്ലറ വാഹനങ്ങൾ സർവീസ് നടത്തി. മെഡിക്കൽ ഷോപ്പുകളടക്കം അവശ്യ സാധനങ്ങൾ വിൽക്കുന്ന അപൂർവം കടകൾ മാത്രമാണ് ഇന്നലെ തുറന്നു പ്രവർത്തിച്ചത്. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചില്ല.
സുരക്ഷാ പരിശോധന ശക്തം
നഗരത്തിൽ പ്രവേശിക്കുന്ന പ്രധാന റോഡുകളിൽ ഞായാറാഴ്ചയായിട്ടും പോലീസ് പരിശോധന ശക്തമായിരുന്നു.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരേയും യാത്ര ചെയ്യാൻ അനുവദിച്ചില്ല.
യാത്രാരേഖയുള്ളവരെ മാത്രമാണ് ടൗണിലേക്ക് പ്രവേശിപ്പിച്ചത്. ചെട്ടിപ്പീടിക, കണ്ണൂർ താണ, മരയ്ക്കാർകണ്ടി, പടന്നപ്പാലം തുടങ്ങി നഗരങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന റോഡുകളിലും പോലീസ് പരിശോധന ശക്തമായിരുന്നു.
വിവാഹം; കേസെടുത്തു
നേരത്തെ തീരുമാനിച്ച വിവാഹങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളെ ക്രമീകരിക്കാൻ പോലീസ് നിർദേശം നൽകി. ഹാളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമാണ് അനുമതി നൽകിയത്. വിവാഹം നടത്തുന്ന വീട്ടുകാർക്ക് അതാത് പോലീസ് സ്റ്റേഷനിൽ നിന്നും നിർദേശങ്ങൾ നൽകുകയും വിവാഹത്തിന് ആളുകൾ കൂടുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അഴീക്കോട് ചാലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വാദ്യമേളങ്ങളും പടക്കങ്ങളും ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ വരന്റെ പിതാവ് സുജിത്തിനെതിരേ വളപട്ടണം പോലീസ് കസെടുത്തു. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 10 വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയ കടലായി ക്ഷേത്രം എക്സീക്യൂട്ടീവ് ഓഫീസർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
കാസർഗോഡും നിശ്ചലം
കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണത്തിൽ നിശ്ചലമായി ജില്ല. കാഞ്ഞങ്ങാട് ടൗണിൽ പഴം, പച്ചക്കറി, പലചരക്ക് കടകളും ഏതാനും മെഡിക്കൽ സ്റ്റോറുകളും ബേക്കറികളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. കാഞ്ഞങ്ങാട്ടെ എടിഎം കൗണ്ടറുകളിൽ ഒന്നിൽപോലും പണമുണ്ടായിരുന്നില്ല. ഹോട്ടലുകൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നെങ്കിലും ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകളും അടഞ്ഞുകിടന്നു. ഇതേത്തുടർന്ന് ഭക്ഷണത്തിനായി ജനങ്ങൾക്ക് ആശുപത്രി കാന്റീനുകളെ ആശ്രയിക്കേണ്ടിവന്നു.
ഏതാനും കെഎസ്ആർടിസി ബസുകൾ നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. യാത്രക്കാരെ കാത്ത് മണിക്കൂറുകളോളം ടൗണിൽ ബസുകൾ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി. രാവിലെ മുതൽ ഉച്ചവരെ കാഞ്ഞങ്ങാട്-കാസർഗോഡ് ചന്ദ്രഗിരി പാലം വഴി നാലു സർവീസ് നടത്തിയിട്ടും വെറും 900 രൂപയാണ് കളക്ഷൻ ലഭിച്ചതെന്ന് ഒരു കണ്ടക്ടർ പറഞ്ഞു. ഇങ്ങനെ നഷ്ടം സഹിച്ച് എത്ര നാൾ സർവീസ് നടത്തുമെന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യബസുകൾ ഒാടിയില്ല. വളരെ കുറച്ച് ഒാട്ടോറിക്ഷകൾ മാത്രമാണ് സർവീസ് നടത്തിയത്.