പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് കോവിഡ് സെക്കന്‍ഡറി ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദ കോളജില്‍ 40 കോവിഡ് ബെഡുകള്‍ ഉടന്‍ സജ്ജീകരിക്കനാവശ്യമായ നടപടി എടുക്കും. ആവശ്യമായി വരുന്നപക്ഷം പുതുതായി ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രിയില്‍ നൂറു കിടക്കകൾ കൂടി സജ്ജീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും നടത്തും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. മെഡിക്കല്‍ കോളജില്‍ നൂറ് ഐസിയു കിടക്കകൾ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ക്കായി നാനൂറ് കിടക്കകളും സജ്ജീകരിക്കും.
ആശുപത്രിയില്‍ മുപ്പത് വെന്റിലേറ്ററുകള്‍ ഉണ്ട്. കൂടുതലായി ഒരുക്കുന്നതിനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി സബ് കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. കണ്ണൂര്‍ സബ് കളക്ടര്‍ സ്നേഹില്‍, ഡിപിഎം ഡോ. അനില്‍കുമാര്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന് എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. രാജീവ്, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ് കുമാര്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദ് എന്നിവരുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ കോളജിലെ സൗകര്യങ്ങളും സംഘം വിലയിരുത്തി.