തലശേരി: കോവിഡിനെ പ്രതിരോധിക്കുന്നതിന്റ ഭാഗമായി മസ്ജിദുകളിൽ പ്രോട്ടോകോൾ നിബന്ധനകൾ പാലിക്കുവാൻ തലശേരി സംയുക്ത മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന 51 പള്ളി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി സഹകരിക്കുക, വൈറസ് തടയാൻ മുസല്ല (പായ), മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കാര്യങ്ങളിൽ പള്ളികമ്മിറ്റികൾ ജാഗ്രത പുലർത്തുക, നോമ്പുതുറ ലഘൂകരിക്കുക, ഇഫ്താർ സംഗമങ്ങൾ, പള്ളികളിലെ അത്താഴം എന്നിവ പൂർണമായും ഒഴിവാക്കുക, പത്ത് വയസിന് താഴെയുള്ള കുട്ടികൾ, 65 വയസിന് മുകളിലുള്ളവർ പള്ളികളിൽ വരാതിരിക്കുക, പള്ളികളിൽ രജിസ്റ്റർ സൂക്ഷിക്കുക, ക്ലാസുകൾ ഒഴിവാക്കുക, ഖത്തീബ് ഇമാമുമാർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പ്രാർഥന സമയം പരിമിതപ്പെടുത്തുക , വാക്സിനേഷൻ നടപടികളുമായി പൂർണമായും സഹകരിക്കുക, റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് യോഗത്തിൽ തീരുമാനിച്ചത്. ട്രഷറർ എം. ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. തലശേരി ഖാദി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. തലശേരി പ്രിൻസിപ്പൽ എസ്ഐ എ. അഷ്റഫ് പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.വി. സൈനുദ്ദീൻ, വി.കെ. ജവാദ് അഹമ്മദ് എന്നിവർ സംസാരിച്ചു.