34.6 C
Iritty, IN
March 2, 2024
  • Home
  • kannur
  • ജീവിതശൈലി രോഗങ്ങള്‍: ജനകീയ ക്യാമ്പയിന്‍ നടത്തും- മന്ത്രി വീണാ ജോര്‍ജ്
kannur

ജീവിതശൈലി രോഗങ്ങള്‍: ജനകീയ ക്യാമ്പയിന്‍ നടത്തും- മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍, ജീവിതശൈലി രോഗങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രി ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികള്‍ ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മികച്ച ചികിത്സക്കൊപ്പം വ്യക്തികളുടെ രോഗപ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിലേ രോഗപ്രതിരോധശേഷിയുള്ള സമൂഹമായി നമ്മള്‍ മാറൂ. സമൂഹ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കും. ഇതില്‍ ആയുര്‍വ്വേദത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ചികിത്സാരീതിയെന്നതിനപ്പുറം ഒരു ജീവിതരീതിയും സംസ്‌കാരവുമാണ് ആയുര്‍വ്വേദം. മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കൊപ്പം ആയുര്‍വ്വേദത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോവുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം- മന്ത്രി പറഞ്ഞു. കല്ല്യാട് ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഏഷ്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടായി ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തെ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് നിയന്ത്രണവിധേയമാണ്. എന്നാല്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുത്. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ പ്രതിരോധം എന്നിവ തുടരുക തന്നെ വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ആശുപത്രി ടോക്കണ്‍ സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒ പി വിഭാഗത്തിലെ അമ്മയ്‌ക്കൊരിടം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പ്രതിദിനം 400-500 രോഗികള്‍ സന്ദര്‍ശിക്കുന്ന ആയുര്‍വ്വേദ ആശുപത്രിയാണ് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി. ആയുര്‍വ്വേദത്തിലെ എല്ലാ സ്‌പെഷ്യാലിറ്റികളും ഉള്ള ആദ്യത്തെ ആശുപത്രിയാണിത്. ഒ പി യില്‍ വരുന്ന രോഗികളുടെ സൗകര്യാര്‍ഥം ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ്മിഷനും സഹകരിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനം, വിശാലമായ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടല്‍ കേന്ദ്രം, കുട്ടികള്‍ക്ക് പ്ലേ ഏരിയ, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ വീട്ടിലിരുന്ന് ടോക്കണ്‍ ബുക്കിങ്ങ് അടക്കമുള്ള സംവിധാനം ഇവിടെ ഒരുക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.കെ കെ രത്‌നകുമാരി, അഡ്വ.ടി സരള, വി കെ സുരേഷ് ബാബു, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് വക്കത്താനം, കെ വി ബിജു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷമീമ ടീച്ചര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. മാത്യൂസ് പി കുരുവിള, ആയുഷ്മിഷന്‍ ഡി പി എം ഡോ. കെ സി അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡോ. ടി സുധ, ആശുപത്രി സൂപ്രണ്ട് ചുമതലയുള്ള ഡോ. പി വി ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്

Aswathi Kottiyoor

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് ഇ​ന്ന്

Aswathi Kottiyoor

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox