കണ്ണൂർ: കോവിഡിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വീണ്ടും പ്രതിസന്ധിയിലായി ബസ് വ്യവസായം. തകർച്ചയുടെ വക്കിലെത്തിയിരുന്ന ബസ് വ്യവസായം കരകയറിവരുന്ന സമയത്താണ് വീണ്ടും കോവിഡ് വ്യാപിച്ചത്.
ഇതോടെ ബസ് യാത്രയിൽ നിയന്ത്രണങ്ങളും വന്നു. ബസിൽ ഇരുന്ന് മാത്രമേ യാത്രചെയ്യാൻ പറ്റൂവെന്നാണ് ഇപ്പോൾ വന്ന നിയന്ത്രണം. അങ്ങനെവന്നാൽ ഒരു ബസിൽ 30 ഓളം പേർക്കു മാത്രമേ യാത്രചെയ്യാൻ സാധിക്കൂ. ഇതോടെ ബസ് വ്യവസായം വീണ്ടും പ്രതിസന്ധിയിലായി.
കോവിഡിനു മുന്പ് ജില്ലയിൽ 1300 ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 750 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ ചില പ്രദേശങ്ങളിലേക്ക് ആളില്ലാത്തതിനാൽ പല ദിവസവും ബസുകൾ സർവീസും നടത്തുന്നില്ല. കോവിഡ് കാലയളവിൽ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ഒക്ടോബർ മുതൽ നികുതിയുടെ പകുതി അടയ്ക്കണം. ബസുകൾ നഷ്ടത്തിലായതോടെ ജീവനക്കാരെ കുറച്ചിരുന്നു. ഒപ്പം ജീവനക്കാരുടെ ശന്പളവും. ട്രെയിനുകൾ പലതും സർവീസ് നടത്താത്തതുകാരണം ആ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില ബസുകൾക്ക് അത്യാവശ്യം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ പ്രാദേശികമായി സർവീസ് നടത്തുന്ന ബസുകൾ ഇപ്പോഴും നഷ്ടത്തിലാണ്.
ഡീസലിന്റെയും പണവും ജീവനക്കാരുടെ ശന്പളവും നികുതിയുമെല്ലാം കൊടുത്തുകഴിഞ്ഞാൽ ബസുടമകൾക്ക് ഒന്നും ലഭിക്കാറില്ലെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജ്കുമാർ കരുവാരത്ത് പറഞ്ഞു.
ലോക്ക്ഡൗണിനുശേഷം ജനങ്ങൾ നഗരങ്ങളിലും മറ്റും ഇറങ്ങിത്തുടങ്ങിയിട്ട് മൂന്നോ നാലോ മാസമേ ആയിരുന്നുള്ളു. അപ്പോഴാണ് കോവിഡിന്റെ രണ്ടാംവരവ്. ഈ സഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ലാതെ വേറെ വഴിയില്ല ജില്ലാ ഭരണകൂടത്തിന്. പുതുതായി വന്ന നിയന്ത്രണങ്ങൾ ബസുടമകൾക്ക് തിരിച്ചടിയാകും. രാവിലെയും വൈകുന്നേരവും മാത്രമാണ് കുറച്ചാളുകൾ ബസിൽ കയറുന്നത്. ബാക്കി സമയങ്ങളിൽ ബസ് ഓടുന്നത് കാലിയായിട്ടാണ്.
ഈ സാഹചര്യത്തിൽ സീറ്റിൽ ഇരുത്തി മാത്രമേ കൊണ്ടുപോകാൻ പറ്റുവെന്ന് പറയുന്നത് ഏറെ പ്രയാസമുണ്ടാക്കും. വൈകുന്നേരങ്ങളിൽ അധികവും വിദ്യാർഥികളാണ് ബസിൽ കയറുന്നത്. ഒരു രൂപയ്ക്ക് ബസിൽ വിദ്യാർഥികളെ സീറ്റിൽ ഇരുത്തി കൊണ്ടുപോകുകയെന്നത് പ്രയാസമാണ്.-രാജ് കുമാർ പറഞ്ഞു.
ബസ് വ്യവസായത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി പലിശരഹിത വായ്പ അനുവദിക്കണമെന്ന് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പലിശരഹിത വായ്പ അനുവദിക്കുകയാണെങ്കിൽ ബസുടമകൾക്ക് ഏറെ ആശ്വാസമായിരിക്കും.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുകയും ഡീസലിന് സബ്സിഡി അനുവദിക്കുകയും ചെയ്യണമെന്നാണ് ബസുടമകളുടെ മറ്റൊരാവശ്യം. കഴിഞ്ഞവർഷം കോവിഡ് ഏൽപ്പിച്ച ആഘാതം ബസ് വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു. അതിൽനിന്നും കരകയറി വരുന്നതിനിടെയാണ് വീണ്ടും നിയന്ത്രണങ്ങൾ വന്നത്. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് ബസുടമകൾ.