ആലപ്പുഴ: വള്ളികുന്നം 15 വയസ്സുകാരൻ അഭിമന്യുവിന്റെ കൊലപാതകത്തിനു കാരണം മുൻവൈരാഗ്യമാണെന്ന് മുഖ്യ പ്രതി സജയ് ജിത്തിന്റെ മൊഴി.
ഏപ്രിൽ ഏഴിന് അഭിമന്യുവിന്റെ സഹോദരൻ അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതിൽ വള്ളികുന്നം സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഈ വഴക്കിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നത്. അനന്തുവിനെ ലക്ഷ്യമിട്ട് ഉത്സവ സ്ഥലത്ത് എത്തിയ സംഘം അഭിമന്യുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അഭിമന്യുവിന്റെ സുഹൃത്തുക്കളായ കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശന്റെ മകൻ പത്താം ക്ലാസ്സ് വിദ്യാർത്ഥി കാശിനാഥ്(15) എന്നിവർക്കും കുത്തേറ്റു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സജയ് ജിത്ത് കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സജയ് ജിത്ത് ഉൾപ്പെടെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.