കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്‌ക്കൊപ്പം.ഇതിനു പിന്നാലെ മടക്ക യാത്രയിൽ ഉൾപ്പെടെ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം ശക്തമാവുകയാണ്. മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി മടങ്ങുമ്പോൾ കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ഭാര്യ കമല മുഖ്യമന്ത്രിക്കും കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവർക്കുമൊപ്പം പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രിൽ നാല് മുതൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചത് കൂടുതൽ വിവാദമായിരിക്കുകയാണ്. ഏപ്രിൽ 4ന് ധർമ്മടത്ത് മുഖ്യമന്ത്രി നടത്തിയ റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഏപ്രിൽ ആറിന് വോട്ട് ചെയ്യുകയും ഒട്ടേറെ പേരുമായി ഇടപഴകുകയും ചെയ്തിരുന്നു തുടർന്ന് ഏപ്രിൽ എട്ടിന് കോവിഡ് പോസിറ്റീവായി അറിയിപ്പ് വന്നതും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയായിരുന്നു. പോസിറ്റീവായി പത്താം ദിവസമാണ് പരിശോധന നടത്തേണ്ടത് എന്നാൽ ഏഴാം ദിവസം പരിശോധന നടത്തി മുഖ്യമന്ത്രി ആശുപത്രി വിട്ടതും ചർച്ചയാവുകയാണ്.
രോഗലക്ഷണം ഇല്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണ് കേന്ദ്രസർക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്നുമാണ്
മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം.