വിവാഹം പോലുള്ള പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി. പൊതുചടങ്ങുകൾക്ക് പ്രത്യേകം അനുമതി ആവശ്യമില്ല. എന്നാൽ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
വിവാഹ ചടങ്ങുകളിൽ സദ്യ നടത്താം. എന്നാൽ പാക്കറ്റ് ഭക്ഷണം നൽകുന്ന സംവിധാനവും ഏർപ്പെടുത്തണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റിവയ്ക്കാൻ തയാറാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് ലോക്ഡൗൺ സാഹചര്യമില്ല. രണ്ടാഴ്ച കൊണ്ട് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. ട്യൂഷൻ ക്ലാസുകളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് ഏഴു ലക്ഷം ഡോസ് കോവിഡ് വാക്സിൻ മാത്രമാണുള്ളത്. വാക്സിൻ ലഭിക്കുന്ന മുറയ്ക്കു കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുമെന്നും വി.പി ജോയി പറഞ്ഞു.