കൊട്ടിയൂർ: പാൽച്ചുരം ചുരം റോഡ് പുനർനിർമാണം കടലാസിലൊതുങ്ങുന്നു.10 കോടി രൂപ വകയിരുത്തി പ്രളയത്തിൽ തകർന്ന പാൽച്ചുരം ചുരം റോഡ് പുനർനിർമിക്കുമെന്ന സർക്കാർ വാഗ്ദാനമാണ് ഇപ്പോഴും ഫയലുകളിൽ ഉറങ്ങുന്നത്. എന്നാൽ 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്താനൊരുങ്ങുകയാണ് അധികൃതർ.
അറ്റകുറ്റപ്പണിക്കായി ജെല്ലികൾ നിരത്തിയിട്ടതോടെ അപകടങ്ങളും പതിവായി. കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡ് ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികളായി മാറി. ഈ പ്രദേശങ്ങളിൽ കുഴികളിൽ മെറ്റിലിട്ട് താത്കാലിക പരിഹാരമാക്കിയതെല്ലാം വീണ്ടും തകർന്നതോടെ ചുരം യാത്ര വീണ്ടും പ്രശ്നത്തിലായി. പാച്ചുവർക്കുകൾക്കായി ടാർ വീപ്പകളും മറ്റും എത്തിച്ചിട്ടുണ്ട്. കുഴിയുള്ള പ്രദേശങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിയിട്ടിരിക്കുകയാണിപ്പോൾ. നിലവിൽ മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡ് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നേരത്തെ 1.75 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടര കിലോമീറ്റർ ദൂരം ബിറ്റുമിൻ കാർപ്പെറ്റ് ചെയ്യുന്നതിനാണ് തുക അനുവദിച്ചത്.
ദിവസേന വയനാട്ടിലേക്ക് പോകുന്ന ചെങ്കൽ ലോറികളടക്കം നിരവധി വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ചുരം കയറുന്നത്. 15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ചുരത്തിൽ വിലക്കുമുണ്ട്. എന്നാൽ ഫുൾ ലോഡ് കരിങ്കല്ലുമായി ദിവസേന നിരവധി ടോറസ് വാഹനങ്ങൾ ചുരം കയറുന്നുണ്ട്. 2018-ലെ പ്രളയത്തിനു ശേഷം തകർന്ന പാൽച്ചുരം റോഡിന്റെ നിർമാണ ചുമതലയുള്ള വടകര ചുരം ഡിവിഷൻ സമഗ്ര പുനർനിർമാണ പദ്ധതി നിർദേശം സർക്കാരിന് നൽകിയിരുന്നു. 2018,19 പ്രളയങ്ങളിൽ റോഡ് പൂർണമായും തകർന്നതിനു ശേഷം ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയിരുന്നത്. ചെകുത്താൻ തോടിനു സമീപം, ഒന്ന്-രണ്ട് മുടിപ്പിൻ വളവുകൾ, ആശ്രമം ജംഗ്ഷൻ, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമാണ്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞുപോയ പ്രദേശങ്ങളിൽ സ്ഥാപിച്ച മുളകൊണ്ടുള്ള വേലികളും തകർന്നു.