കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. എന്നാൽ 12-ാം ക്ലാസ് പരീക്ഷകൾ നീട്ടിവച്ചു. തീയതി തീരുമാനിച്ചിട്ടില്ല. പരീക്ഷകൾ ഓൾലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പ്രത്യേക മൂല്യനിർണയത്തിലൂടെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മാർക്ക് നൽകും. മാർക്കിൽ ആക്ഷേപം ഉയർത്തുന്ന വിദ്യാർഥികൾക്ക് എഴുത്തു പരീക്ഷയ്ക്ക് അവസരമൊരുക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ 15 ദിവസ മുൻപെങ്കിലും തീയതി പ്രഖ്യാപനം നടത്താനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.
മേയ് നാല് മുതൽ പരീക്ഷകൾ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് രാജ്യത്ത് രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റണമെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ടത്.
കുട്ടികളുടെ അധ്യായന വർഷം നഷ്ടമാകാത്ത തരത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താനാണ് യോഗത്തിൽ തീരുമാനിച്ചത്. പരീക്ഷ എങ്ങനെ നടത്തണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ.