ഇരിട്ടി: തലശ്ശേരി – വളവുപാറ കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ ഭാഗമായി ഇരിട്ടിയിൽ പുതുതായി പണികഴിപ്പിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു പാലം ഗതാഗതത്തിന് തുറന്നു നൽകിയത്.
കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീല ചോറൻ, അസിസ്റ്റന്റ് എൻജിനിയർ കെ.വി. സതീശൻ, കൺസൽട്ടൻസി കമ്പിനി റസിഡന്റ് എൻജിനിയർ ഇൻ ചാർജ് പി.കെ. ജോയി, ബ്രിഡ്ജസ് എൻജിനിയർ കെ.കെ. രാജേഷ്, ഇ കെ കെ കമ്പിനി എംഡി സച്ചിൻ മുഹമ്മദ്, പ്രൊജക്ട് മാനേജർ സുരേഷ്, എൻജീനിയർ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാലം തുറന്നത്. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷ പി.കെ. ബൽക്കീസ്, നഗരസഭ ടൗൺ കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കുഞ്ഞിക്കണ്ടി, സിപിഎം ജില്ല കമ്മിറ്റി അംഗം കെ.ശ്രീധരൻ, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി പി.പി. അശോകൻ, സിപിഐ മണ്ഡലം പ്രസിഡന്റ് ബാബുരാജ് പായം, എൻസിപി നേതാവ് അജയൻ പായം, പി. അശോകൻ എന്നിവരും ജനപ്രതിനിധികളും വ്യാപാരികളും നൂറുകണക്കിനു നാട്ടുകാരും വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു.
അതേസമയം ഇരിട്ടി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന കാര്യം മുൻകൂട്ടി ഇരിട്ടി നഗരസഭ, പായം പഞ്ചായത്ത് ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന പരാതി ഉയർന്നു . സിപിഎം ജില്ല കമ്മിറ്റി അംഗം കെ.ശ്രീധരൻ, ഏരിയ സെക്രട്ടറി പി.പി.അശോകൻ, നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, എൻസിപി നേതാവ് അജയൻ പായം എന്നിവരുടെ നേതൃത്വത്തിൽ തങ്ങളുടെ അനിഷ്ടം കെഎസ്ടിപി ഉദ്യോഗസ്ഥരോടു പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ ആരെയും വിളിക്കാൻ ആയില്ലന്നും പാലം തുറന്നു കൊടുക്കാൻ മാത്രമാണ് തങ്ങൾക്കുള്ള നിർദേശം എന്നും ഉദ്യോഗസ്ഥർ മറുപടി നൽകി.
1933 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമ്മിച്ചിരിക്കുന്നത് . നാലുവർഷം മുൻപ് 2017 ൽ ആരംഭിച്ച പാലം പണിയാണ് ഇപ്പോൾ പൂർത്തിയായത്. 144 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള പാലം 48 മീറ്ററിന്റെ 3 സ്പാനുകളിലാണ് നിർമിച്ചത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ഉയരം കൂടിയ പാലമാണ് ഇത്. നിർമ്മാണം തുടങ്ങിയത് മുതൽ നിരവധി പ്രതിബന്ധങ്ങൾ നിർമ്മാണപ്രവർത്തിക്ക് തടസ്സമായി . 2017 ആഗസ്റ്റിലെ വെള്ളപൊക്കത്തിൽ ആദ്യം നിർമ്മിച്ച പൈൽ ഒഴുകിപോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടർന്ന് രാജ്യത്തെ നാലു പ്രമുഖ പാലം നിർമാണ വിദഗ്ധർ സ്ഥലത്തെത്തുകയും അവരുടെ നിർദ്ദേശപ്രകാരം പൈലുകളുടെ ആഴവും എണ്ണവും വർദ്ധിപ്പിച്ചാണ് പണികൾ നടത്തിയത്. ഇരിട്ടി ഉൾപ്പെടെ 7 പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി – വളവുപാറ റോഡ് നവീകരിക്കുന്നത്. റോഡ് പണി പൂർത്തിയായെങ്കിലും കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾ ഇനിയും പൂർത്തിയാവാനുണ്ട്.
ഇരു ഭാഗത്തും നടപ്പാതകൂടി ഉൾപ്പെടുത്തിയാണ് ഇരിട്ടി പുതിയ പാലം നിർമ്മിച്ചിരിക്കുന്നത് . 18 സോളാർ വഴിവിളക്കുകളും പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പായം ഭാഗത്ത് 3 റോഡുകൾ ചേരുന്ന കവലയിൽ ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇരിട്ടി നഗരത്തിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും എന്നാണ് കരുതുന്നത്.