ഇരിട്ടിയുടെ മുഖമുദ്രയാണ് 1933 ൽ ബ്രിട്ടീഷുകാർ പണിത ഇരിട്ടി പാലം. അന്നത്തെ സാങ്കേതിക വിദ്യയിൽ കരിങ്കൽ തൂണുകളിൽ ഇരുമ്പ്, ഉരുക്കു ബീമുകളും പാളികളും കൊണ്ട് നിർമ്മിച്ച ഈ അപൂർവ നിർമ്മിതി നാടിൻറെ പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടണം. വര്‍ഷങ്ങളായി അറ്റകുറ്റപണികൾ നടത്താതെ നാശത്തിന്റെ വക്കിൽ എത്തിനിൽക്കുകയാണ് പാലം. പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ പഴയ പാലം അറ്റകുറ്റപ്പനകൾ നടത്തി സംരക്ഷിക്കപ്പടണം. കാൽനടക്കാർക്കും ചെറിയ വാഹനങ്ങൾക്കും മാത്രം കടന്നു പോകാനുള്ള അനുമതി മാത്രം നൽകണം. കെ ടി ഡി സി പോലുള്ളവർക്ക് കൈമാറി പറ്റുമെങ്കിൽ പാലത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കി പുഴയുടെയും പഴശ്ശി ജലാശയത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള ഒരിടമാക്കി മാറ്റണം. ഇതോടൊപ്പം പുതിയ പാലത്തോട് ചേർന്ന പൊതുമരാമത്ത് റസ്റ്റ് ഹൌസ് വരെയുള്ള പായം ഭാഗത്തെ പുഴയോരങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിയിക്കണം. ഇതോട് ചേർന്ന ഭാഗങ്ങളിലും ഇരിപ്പിടങ്ങൾ ഒരുക്കണം. തലശ്ശേരി – കുടക് പാതയിലെ യാത്രികരുടെ ചുരം കയറുന്നതിന് മുൻപുള്ള അവസാന താവളം എന്ന നിലയിൽ ഒരു വിനോദ മേഖലയാക്കി മാറ്റുവാനും ഇതുകൊണ്ട് സാധിക്കും. യാതൊരുവിധ വിനോദോപാധികളുമില്ലാത്ത ഇരിട്ടിക്ക് ഇത് ഏറെ പ്രയോജനകരമാവുകയും ചെയ്യും. അതേസമയം പഴയ പാലത്തിന്റെ അറ്റകുറ്റ പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ നിർമ്മാണ വിഭാഗത്തിന് കെ എസ് ടി പി നിർദ്ദേശം നൽകിയിട്ടുമുണ്ട് .