തിരുവനന്തപുരം: കോവിഡ് ഭീതിക്കു ശേഷം സംസ്ഥാനത്തു നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു നിയമസഭയിലേക്കു നടന്നത്. കോവിഡ് പ്രതിരോധ നടപടികൾ പൂർണമായി പാലിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയെങ്കിലും പല ബൂത്തുകളിലും ഇതു പാലിക്കപ്പെട്ടില്ല.
തെർമൽ സ്കാനർ ഉപയോഗിച്ചു ശരീരോഷ്മാവ് പരിശോധിച്ച ശേഷമാകും വോട്ടർമാരെ കടത്തിവിടുകയെന്നായിരുന്നു കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പലയിടത്തും തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയില്ലായിരുന്നു. പ്രത്യേകിച്ചു തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ബൂത്തുകളിൽ.
തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തേണ്ട ആരോഗ്യ പ്രവർത്തകരുടെ ഏകോപനമില്ലായ്മയാണ് ഇവിടങ്ങളിൽ പ്രധാന പ്രശ്നമായത്. തെർമൽ സ്കാനർ ഉപയോഗിച്ചു ശരീരോഷ്മാവ് രേഖപ്പെടുത്തുമെന്നും രണ്ടാമതും ഉയർന്ന ചൂടു രേഖപ്പെടുത്തുന്നവരെ വൈകുന്നേരം ആറിനു ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നുമായിരുന്നു കമ്മീഷൻ നിർദേശം നൽകിയിരുന്നത്.
കോവിഡ് മാനദണ്ഡ പ്രകാരം കൂട്ടം കൂടാൻ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനായി കാത്തിരിക്കാൻ പ്രത്യേക പന്തൽ ഒരുക്കിയെങ്കിലും വോട്ടർമാർ കോവിഡ് പ്രതിരോധ നടപടികൾ അവഗണിച്ചു ക്യൂ നിൽക്കുകയായിരുന്നു. രാവിലെ മുതൽ മിക്കവാറും ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.