കണ്ണൂർ: കോവിഡ് രോഗിയെ പരസ്യമായി റോഡിലൂടെ നടത്തിച്ച് പോളിംഗ് ബൂത്തിലെത്തിച്ചതായി പരാതി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മുണ്ടേരി പഞ്ചായത്തിൽ അമ്പതാം നമ്പർ ബൂത്തിലാണ് കോവിഡ് രോഗിയെ പിപിഇ കിറ്റൊന്നും ധരിക്കാതെ നടത്തിച്ച് കൊണ്ടുവന്നത്. വീട്ടിൽ നിന്ന് അരകിലോമീറ്ററോളം ദൂരെയുള്ള നവകേരള എൽപി സ്കൂളിലെ ബൂത്തിലേക്കാണ് നടത്തിച്ച് കൊണ്ടു വന്നത്. മുണ്ടേരി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പി.പി അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലാണ് കോവിഡ് രോഗിയെ കൊണ്ടുവന്നതെന്ന് പരാതിയിൽ പറയുന്നു.
സ്കൂളിനടുത്ത് എത്തിയപ്പോഴാണ് പിപിഇ കിറ്റ് ഇടാൻ ശ്രമിച്ചത്. രോഗിയെ പരസ്യമായി നടത്തിച്ച് കൊണ്ടു വന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് തിരിച്ചുപോകുകയായിരുന്നു. 52ാംനമ്പർ ബൂത്തിലും ഇതേ രീതിയിൽ തന്നെ കോവിഡ് രോഗിയെ കൊണ്ട് വന്നിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ബൂത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകി.