ഇരിട്ടി: കേരളാ – കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർശന പരിശോധന. മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് എത്തിയ മുഴുവൻ വാഹനങ്ങളും പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനയോടെ ആണ് അതിർത്തി കടത്തിവിട്ടത്.
അതിർത്തികളിൽ കർശന നിരീക്ഷണം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണ് കൂട്ടുപുഴയിൽ കേരള പോലീസ് ശക്തമായ സന്നാഹം ഒരുക്കിയത്. കേരള പോലീസിന് പുറമേ തെരഞ്ഞെടുപ്പ് ചുമതലക്കായി കേരളത്തിന് അനുവദിച്ച കർണാടക സായുധ പോലീസ് വിഭാഗവും കേരള സംഘത്തെ സഹായിക്കാൻ ഉണ്ടായിരുന്നു. കാൽനടയാത്രക്കാർ, ഇരുചക്രവാഹന യാത്രക്കാർ , അവശ്യസർവീസ് വാഹനങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കി. നേരത്തെ മുതൽ ഇവിടെ കർണാടകത്തിൽനിന്ന് മദ്യവും മയക്കുമരുന്നും പണവും കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമേയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂടുതൽ പരിശോധന ഏർപ്പെടുത്തിയത്. കർണാടകത്തിലെ മാക്കൂട്ടം, വീരാജ്‌പേട്ട, കുടക് ജില്ലയിലെ മറ്റ് ഭാഗങ്ങളിലുള്ള മലയാളി വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേരളത്തിലേക്ക് കടത്തിവിട്ടത്. ഇരിട്ടി എ
എസ് ഐ എം സി. മനോഹരന്റെ നേതൃത്വത്തിൽ 10 അംഗ പോലീസ് സംഘമാണ് കൂട്ടുപ്പുഴ പാലത്തിനുസമീപം പരിശോധന നടത്തിയത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, എക്സൈസ്, റവന്യു സംഘങ്ങളുടെ പരിശോധനയ്ക്കു പുറമെ യാണ് അതിർത്തിയിൽ പ്രത്യേക പരിശോധനയും നടത്തിയത്.
നടുവനാട് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് അടിച്ചു തകർത്തു
==========
ഇരിട്ടി: നടുവനാട് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. എസ് ഡി പി ഐയാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് ആരോപിച്ചു. സംഭവത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പോളിങ്ങ് സ്റ്റേഷന് സമീപത്തു വെച്ച് ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ എത്തിയത്. ബൂത്ത് ഓഫീസിനുളളിൽ നിന്നും കസേരകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. പ്രദേശത്ത് കൂടുതൽ പോലീസ് എത്തി സംഘർഷം ഒഴിവാക്കി