തപാൽ വോട്ട് ശേഖരണം ഇന്ന് രാത്രി പൂർത്തീകരിക്കണമെന്ന് അടിയന്തിര നിർദ്ദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥരും റിട്ടേണിംഗ് ഓഫീസറും തമ്മിൽ തർക്കം.
പേരാവൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും റിട്ടേണിംഗ് ഓഫീസറായ കണ്ണൂർ ഡി എഫും തമ്മിലാണ് രൂക്ഷമായ തർക്കം ഉണ്ടായത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. രാത്രി തന്നെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കണമെന്ന് വൈകിട്ട് നാലുമണി കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. എന്നാൽ രാത്രിയിൽ തപാൽ വോട്ടുകൾ ശേഖരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഉദ്യോഗസ്ഥർ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചു. കാരണം പല പ്രദേശങ്ങളും മാവോയിസ്റ്റ് മേഖലയാണ് കൂടാതെ പെസഹാ വ്യാഴാഴ്ച ആയതു കൊണ്ടും ഉദ്യോഗസ്ഥരിൽ അധികംപേരും സ്ത്രീകൾ ആയതിനാലും വോട്ട് ശേഖരണം രാത്രിയിൽ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതേതുടർന്നാണ് വാക്ക് തർക്കം ഉണ്ടാവുകയും ഒടുവിൽ കലക്ടർ ഇടപെട്ട് വോട്ട് ശേഖരണം നാളത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.