കണ്ണൂർ: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി. ജയരാജൻ. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ ഇത്തവണ മാറി നിൽക്കണമെന്ന പാർട്ടി തീരുമാനത്തെ തുടർന്ന് നേരത്തെ തന്നെ ഇത്തവണ മത്സരിക്കാനില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിലും കുറച്ച് കൂടി കടുപ്പിച്ച് ഇനി മത്സരരംഗത്തേക്ക് തന്നെ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ എൽഡിഎഫ് കണ്ണൂർ നിയമസഭാ മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
രണ്ടു തവണ മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന സിപിഎം നിലപാടായിരുന്നു ഇ.പി. ജയരാജന് തിരിച്ചടിയായത്. മട്ടന്നൂരിൽ വികസന രംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന് അത് പൂർത്തീകരിക്കുന്നതിന് മുന്പ് തന്നെ പാർലിമെന്ററി രംഗത്ത് നിന്ന് മാറേണ്ടിവന്നതിലുള്ള പരിഭവം കൂടിയായി ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. സ്ഥാനാർഥി നിർണയത്തിനുശേഷം കാര്യമായ പ്രതികരണങ്ങളൊന്നും നടത്താതിരുന്ന ജയരാജൻ ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും മാറേണ്ടിവന്നതിലുള്ള പരിഭവം അദ്ദേഹം സമ്മതിക്കാൻ തയാറായില്ല.
പ്രായമായി. ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ വയ്യ. മത്സരരംഗത്തില്ലെന്നു പറയാൻ ജയരാജൻ വ്യക്തമാക്കിയ കാരണങ്ങൾ ഇതായിരുന്നു. എന്നാൽ തന്നേക്കാൾ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചും മഹാമനസ്കതയെക്കുറിച്ചും ഭരണാധികാരി എന്ന നിലയിലുള്ള കഴിവിനെ കുറിച്ചും ഇപി വാചാലനായി.
പിണറായി മഹാനായ മനുഷ്യനാണ്, അനുഭവ സന്പത്തും പ്രവർത്തന പരിചയവുമുള്ള നേതാവാണദ്ദേഹം, നാടിന്റെ സംരക്ഷണം ഏറ്റെടുത്താണ് പിണറായി പ്രവർത്തിക്കുന്നത്. ഏതു കാര്യത്തിലും വ്യക്തമായ നിരീക്ഷണമുള്ള നേതാവാണ് പിണറായിയെന്നും ജയരാജൻ പറഞ്ഞു.