ട്രെയിനിൽ യാത്രചെയ്യുന്നവർ രാത്രിയിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ചാർജ് ചെയ്യുന്നതിനു റെയിൽവെയുടെ വിലക്ക്. ഇനിമുതൽ ട്രെയിനിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കില്ല. ഈ സമയം ചാർജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാൻ റെയിൽവെ തീരുമാനിച്ചു.
അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിംഗ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു.
റെയിൽവെയുടെ എല്ലാ സോണുകളിലും ഇതു നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി- ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ട്രെയിനിനുള്ളിൽ പുകവലിക്കുന്നതിനു കടുത്ത ശിക്ഷ ഉറപ്പാക്കാൻ റെയിൽവെ നേരത്തെ നിർദേശം നൽകിയിരുന്നു.