കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താനെത്തുന്ന കോവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ വോട്ടര്‍മാര്‍ വൈകുന്നേരം ആറിനും ഏഴിനുമിടയില്‍ പോളിംഗ് ബൂത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. അവര്‍ ബൂത്തിലെത്തിയ വിവരം സഹായി മുഖേന ഏഴിനുമുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ഏഴിനുശേഷം പോളിംഗ് സ്റ്റേഷനില്‍ എത്തുന്ന കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നതുമായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല.
അതേസമയം, വൈകുന്നേരം ആറിനുമുന്‍പ് പോളിംഗ് സ്റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയശേഷമേ കോവിഡ്, ക്വാറന്റൈൻ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. അതുവരെ അവര്‍ പ്രത്യേകം സജ്ജമാക്കിയ കാത്തിരിപ്പുകേന്ദ്രത്തിലോ വന്ന വാഹനങ്ങളിലോ കാത്തിരിക്കണം. സാധാരണ വോട്ടര്‍മാര്‍ ആറിനുമുമ്പായി തന്നെ വോട്ടിംഗ് കേന്ദ്രത്തിലെത്തണം. നിശ്ചിതസമയം കഴിഞ്ഞ് എത്തുന്ന സാധാരണ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാകില്ല.
വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരും ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരില്‍നിന്നു ലഭിക്കുന്ന പ്രത്യേക ഫോര്‍മാറ്റിലുള്ള കോവിഡ്, ക്വാറന്റൈൻ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.