കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ബൂത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് വെബ്കാസ്റ്റിംഗ് സംവിധാനം. ബിഎസ്എന്‍എല്‍ കവറേജ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത 37 ബൂത്തുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും.
വെബ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഓരോ പോളിംഗ്കേന്ദ്രത്തിലും ഒരു ഓപ്പറേറ്റര്‍ ഉണ്ടാവും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ഓപ്പറേറ്റര്‍മാരെ നിയമിക്കുക. ഇവര്‍ക്ക് പുറമെ വെബ്കാസ്റ്റിംഗ് സംവിധാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് രണ്ട് പേര്‍ അടങ്ങുന്ന സംഘത്തെ ഫീല്‍ഡ് ഓപ്പറേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടെടുപ്പ് തല്‍സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റിലാണ് വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുന്നത്. കെല്‍ട്രോണും ജില്ലാ നിര്‍മിതി കേന്ദ്രയും ചേര്‍ന്നാണ് ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുക. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ ചുമതല.
150 ലേറെ വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കും. ഇതിനായി 150ലേറെ കംപ്യൂട്ടറുകളും ഇവിടെ ഒരുക്കും. ഒരോ സൂപ്പര്‍വൈസര്‍ക്കും നിശ്ചിത ബൂത്തുകളുടെ ചുമതല നല്‍കും. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് വെബ്കാസ്റ്റിംഗ് നടത്തുന്നതിനാല്‍ പോളിംഗ് ബൂത്തുകളിലെ വ്യക്തമായ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും. ഓരോ ബൂത്തിലും അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തത്സമയം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.