ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് സംസ്ഥാനത്തെ അവാര്‍ഡിനായി പരിഗണിച്ചത്.
കേരളത്തിലെ ക്ഷയരോഗപര്യവേഷണ സംവിധാനം രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യല്‍ മെഡിസിന് എന്നിവയില്‍ നിന്നുള്ള 26 അംഗ വിദഗ്ധസംഘം എറണാകുളം, മലപ്പുറം, കാസർഗോഡ്, കൊല്ലം ജില്ലകളില്‍ സന്ദര്‍ശിച്ച് വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
60 സര്‍വേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തല്‍. കൂടാതെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുമായും മെഡിക്കല്‍ ഷോപ്പുകളുമായും വിദഗ്ധസമിതി ചര്‍ച്ചകള്‍ നടത്തിയിരുന്നു.