കണ്ണൂർ: കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇത്തവണയും വോട്ടു തേടുന്നത് ഓട്ടോറിക്ഷയ്ക്ക്. 2016ൽ കണ്ണൂരിൽ മത്സരിച്ച് ജയിച്ചപ്പോഴും ഓട്ടോറിക്ഷയായിരുന്നു ചിഹ്നം. ഇത്തവണയും ആവശ്യപ്പെട്ട ചിഹ്നം തന്നെ അനുവദിച്ചു കിട്ടുകയായിരുന്നു. പശുവും കിടാവും, ചർക്ക, വിമാനം എന്നിവയായിരുന്നു മുൻകാല തെരഞ്ഞെടുപ്പുകളിൽ കടന്നപ്പള്ളിയുടെ ചിഹ്നങ്ങൾ. ആദ്യമായി 1971ൽ കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കോൺഗ്രസിന്റെ പശുവും കിടാവുമായിരുന്നു ചിഹ്നം. 1977ലും ഇതേ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചു. 1980 ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിൽ മത്സരിക്കുന്പോൾ ചിഹ്നം ചര്‍ക്കയായി. ഇടതുമുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ്-എ സ്ഥാനാര്‍ഥിയായിരുന്നു അന്ന് കടന്നപ്പള്ളി.
പിന്നീട് രണ്ടു തവണ പേരാവൂരില്‍ നിന്ന് മത്സരിച്ചപ്പോഴും കണ്ണൂരില്‍നിന്ന് ലോക്സഭയിലേക്കും മത്സരിച്ചപ്പോഴും ചര്‍ക്കയായിരുന്നു ചിഹ്നം. കോണ്‍ഗ്രസ്-എ പിളര്‍പ്പിന് ശേഷം കോണ്‍ഗ്രസ്-എസിന്റെ തെരഞ്ഞെടുപ്പടയാളമായി ചര്‍ക്ക മാറി. പിന്നീട് കോണ്‍ഗ്രസ്-എസ്, എന്‍സി പിയില്‍ ലയിച്ചതോടെ ചര്‍ക്ക ചിഹ്നം തുടർന്നെങ്കിലും കേസിനെത്തുടർന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ ചർക്ക ചിഹ്നം മരവിപ്പിച്ചു. എന്‍സിപി പിളര്‍ന്നതിനെത്തുടർന്ന് കടന്നപ്പള്ളി കോണ്‍ഗ്രസ്-എസ് പുനരുജ്ജീവിപ്പിച്ച ശേഷം എടക്കാടായിരുന്നു മത്സരിച്ചത്. വിമാനമായിരുന്നു ചിഹ്നം. ചർക്ക ചിഹ്നത്തിൽ തുടർച്ചയായി പരാജയപ്പെട്ടിരുന്നിടത്ത് നിന്ന് വിമാനം കടന്നപ്പള്ളിയെ വിജയത്തിലെത്തിച്ചു.
previous post