കണ്ണൂര്‍: കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലയില്‍ എട്ട് ഹയര്‍ സെക്കൻഡറി സ്കൂളുകളിലാണ് ലാബുകള്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളത്തിന്റെ പിഎച്ച് മൂല്യം, വൈദ്യുത ചാലകത/ലവണ സാന്നിധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ഥത്തിന്റെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ പരിശോധനയിലൂടെ കണ്ടെത്താനുള്ള സൗകര്യങ്ങളാണ് സ്കൂള്‍ ലാബുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്കൂളിലെ വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. 2020 സെപ്റ്റംബര്‍ എഴു മുതലാണ് ജില്ലയില്‍ സ്കൂള്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിച്ചത്. ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി അധ്യാപകര്‍, ലാബ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയാണ് ലാബുകള്‍ സജ്ജമാക്കിയത്. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഒന്ന് എന്ന തോതില്‍ സംസ്ഥാനത്തൊട്ടാകെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ജലപരിശോധന ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പെരളശേരി എകെജിഎസ്ജിഎച്ച്എസ്, പാലയാട് ജിഎച്ച്എസ്എസ്, പിണറായി എകെജിഎംജി എച്ച്എസ്, മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസ്, വേങ്ങാട് ജിഎച്ച്എസ്എസ്, അഞ്ചരക്കണ്ടി എച്ച്എസ്എസ്, ചാല ജിഎച്ച്എസ്എസ്, കാടാച്ചിറ എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ കെമിസ്ട്രി ലാബിനോട് ചേര്‍ന്നാണ് ജല പരിശോധനാ ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.